എളമരത്തിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതം: സി പി എം

Posted on: May 21, 2015 3:45 pm | Last updated: May 21, 2015 at 3:46 pm

elamaramതിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ത്ത സുന്ദരമൂര്‍ത്തിയെ യു ഡി എഫ് അധികാരത്തിലെത്തിയപ്പോള്‍ മാപ്പുസാക്ഷിയാക്കി മാറ്റുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ സഹായത്തോടെയാണ് ഇത് നടന്നത്. അങ്ങനെ മാപ്പുസാക്ഷിയാക്കപ്പെട്ട സുന്ദരമൂര്‍ത്തിയാണ് എളമരം കരീം വിവാദ വ്യവസായി രാധാകൃഷ്ണനില്‍ നിന്ന് പണം സ്വീകരിച്ചുവെന്ന് മൊഴി നല്‍കിയത്. തികച്ചും അവിശ്വസനീയമായ കാര്യങ്ങളാണ് ഇദ്ദേഹത്തിന്റെ മൊഴിയിലുള്ളത്. കോണ്‍ട്രാക്റ്റര്‍ രാധാകൃഷ്ണന്‍ പ്യൂണിന്റെ വശം എളമരത്തിന് ഒരു കവര്‍ കൊടുത്തയച്ചുവെന്നും അതില്‍ പണമാണെന്നാണ് കരുതുന്നതെന്നുമാണ് സുന്ദരമൂര്‍ത്തിയുടെ മൊഴി. ഈ ആരോപണത്തില്‍ വസ്തുതയില്ലെന്ന് കണ്ട് സി ബി ഐ തള്ളിയതാണ്. ഇക്കാര്യമാണ് ഇപ്പോള്‍ കുത്തിപ്പൊക്കി കൊണ്ടുവന്ന് രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നതെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

എളമരം സഹായിച്ചുവെന്ന് പറയുന്ന രാധാകൃഷ്ണന്‍ അടക്കമുള്ളവരെ പ്രതിചേര്‍ത്ത് ഏഴ് വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എല്‍ ഡി എഫിന്റെ ഭരണകാലത്താണ്. ഇൗ പ്രതികളില്‍ പലരെയും പിന്നീട് യു ഡി എഫ് സര്‍ക്കാര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നുണ്ട്.