Connect with us

Ongoing News

വയറുവേദനയുള്ള യുവതിക്ക് അര്‍ബുദത്തിനുള്ള ശസ്ത്രക്രിയ

Published

|

Last Updated

തിരുവനന്തപുരം: വയറുവേദനക്ക് ചികിത്സ തേടിയ യുവതിയെ അര്‍ബുദത്തിനുള്ള ശസ്ത്രക്രിയിക്ക് വിധേയമാക്കിയത് വിവാദമായി. വയറുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിയെ അര്‍ബുദരോഗത്തിന്റെ പേരില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. വട്ടപ്പാറ കല്ലയം കുളത്തുകാല്‍ കിഴക്കുംകര പുത്തന്‍ വീട്ടില്‍ ശോഭിന്റെ ഭാര്യ നീതു (21) വാണ് ഡോക്ടര്‍മാരുടെ പിഴവിനെ തുടര്‍ന്ന് അനാവശ്യ ശസ്ത്രക്രിയക്ക് വിധേയയായത്. കഴിഞ്ഞ 16 നായിരുന്നു ശസ്ത്രക്രിയ. വയറുവേദനക്ക് ആശുപത്രിയിലെത്തിയ നീതുവിനോട് ഡോക്ടര്‍ സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം എം ആര്‍ ഐ സ്‌കാന്‍ സെന്ററില്‍ നിന്ന് സ്‌കാന്‍ ചെയ്തു. എന്നാല്‍ നീതുവിന് ലഭിച്ച സ്‌കാന്‍ റിപ്പോര്‍ട്ട് അര്‍ബുദരോഗിയുടേതായിരുന്നു.
തുടര്‍ന്ന് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീതുവിനെ ശസ്ത്രക്രിയക്കു വിധേയമാക്കിയത്. എന്നാല്‍ ശസ്ത്രക്രിയയില്‍ രോഗമൊന്നും കണ്ടെത്താനായില്ല. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്‌കാന്‍ റിപ്പോര്‍ട്ട് മാറിയതായി ബോധ്യപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ എസ് എ ടി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു.
അതേസമയം യുവതി മനുഷ്യാവകാശ കമ്മീഷന്‍, ആരോഗ്യമന്ത്രി തുടങ്ങിയ ഉന്നതര്‍ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്ന് ആരോഗ്യമന്ത്രി, ആരോഗ്യവകുപ്പ് സെക്രട്ടറിയോട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവ് മന്ത്രി നല്‍കിയതോടെയാണ് ഉപരോധം അവസാനിച്ചത്.