National
മംഗോളിയക്കുള്ള പ്രധാനമന്ത്രിയുടെ ധനസഹായത്തെ വിമര്‍ശിച്ച് ശിവസേന

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗോളിയക്ക് പ്രഖ്യാപിച്ച ധനസഹായത്തെ പരിഹസിച്ച് ശിവസേന. ഇന്ത്യയില്‍ നിന്ന് സഹായം കൈപ്പറ്റുന്നതില്‍ മഹാരാഷ്ട്രയക്കാളും ഭാഗ്യവതിയാണ് മംഗോളിയയെന്ന് ശിവസേന പരിഹസിച്ചു. സേനയുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് രൂക്ഷ വിമര്‍ശം. ഇതേ ആവേശം എന്തുകൊണ്ട് ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ കര്‍ഷകര്‍ക്ക് നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ല? മംഗോളിയയോടുള്ള ഈ മഹാമനസ്‌കത കൊണ്ട് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ആത്മാവിന്റെ വേദന വര്‍ധിക്കയേയുള്ളൂ- മുഖപ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ മംഗോളിയ സന്ദര്‍ശന വേളയിലാണ് 100 കോടി ഡോളറിന്റെ ധനസഹായം വാഗ്ദാനം ചെയ്തത്. ഒരു ചെറിയ രാഷ്ട്രത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ പ്രധാനമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്വമുണ്ടായേക്കാം. പക്ഷേ ഇതു ചെറിയ തുകയല്ല.
പ്രധാനമന്ത്രി മംഗോളിയക്ക് ധനസഹായം പ്രഖ്യാപിക്കുമ്പോള്‍ കുബേരന്‍മാരില്‍ നിന്ന് പണം കടം കൊണ്ട രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ സര്‍ക്കാറിന്റെ സഹായത്തിന് കാത്തിരിക്കുകയായിരുന്നുവെന്നും സാമ്‌ന കുറ്റപ്പെടുത്തി. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രക്ക് ഇങ്ങനെയൊരു ധനസഹായം നല്‍കേണ്ട ആവശ്യം എന്തായിരുന്നുവെന്നും സേന ചോദിച്ചു.