Connect with us

Kerala

വിഴിഞ്ഞം പദ്ധതി: സര്‍വകക്ഷി യോഗം വിളിക്കും

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെന്‍ഡര്‍ അദാനി ഗ്രൂപ്പിനു നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് സര്‍വ കക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂണ്‍ മൂന്നിന് രാവിലെ 11.30നാണ് യോഗം. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആശങ്കകള്‍ക്കും ആക്ഷേപങ്ങള്‍ക്കും യോഗത്തില്‍ വിശദീകരണം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിന് ശേഷം ചേരുന്ന മന്ത്രിസഭാ യോഗത്തിലാകും അന്തിമ തീരുമാനമെടുക്കുക.
പദ്ധതിയുടെ ടെന്‍ഡര്‍ സംബന്ധിച്ച് എംപവേര്‍ഡ് കമ്മിറ്റിയുടെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും ശിപാര്‍ശകള്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം പരിഗണിച്ചെങ്കിലും, ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്ന പൊതു അഭിപ്രായമാണ് ഉണ്ടായത്. സര്‍വക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പല കാരണങ്ങളും കൊണ്ട് വൈകി. പദ്ധതി യാഥാര്‍ഥ്യമാക്കണമെങ്കില്‍ പ്രായോഗികമായ നിലപാടുകള്‍ സ്വീകരിക്കണം. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. എല്ലാം സുതാര്യമായി നടത്തണമെന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്. എന്നാല്‍ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് യോഗം വിളിക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളും വിശദീകരിക്കും. ഇതോടെ ആക്ഷേപം ഉന്നയിച്ചവരുടെ ആശങ്ക പരിഹരിക്കാനാകുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്ത് നടപടിയെടുക്കുമ്പോഴും അത് സുതാര്യമായും മറ്റുള്ളവരെ ബോധ്യപ്പെടുത്തിയും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. ആക്ഷേപം ഉന്നയിച്ചവര്‍ക്ക് ബോധ്യമായിട്ടില്ലെങ്കില്‍ മറ്റു വഴി നോക്കും. നിലവില്‍ ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്.
ആറായിരം കോടിയുടെ അഴിമതി ആരോപിച്ചവര്‍ അത് ബോധ്യപ്പെടുത്തിയാല്‍ മുന്നോട്ടു പോവാനാവില്ല. എന്നാല്‍ ചര്‍ച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാവുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്ത് അദാനി ഗ്രൂപ്പിന് പങ്കാളിത്തംഉള്ള മുന്‍ ട്ര പോര്‍ട്‌സിനെ അംഗീകരിച്ചിരുന്നു. എന്നാല്‍ ചൈനീസ് കമ്പനിയുടെ പങ്കാളിത്തം ഉള്ളതിനാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്ന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിര്‍മാണവും നടത്തിപ്പും അദാനിക്കു കരാര്‍ നല്‍കാന്‍ തുറമുഖ മന്ത്രി കെ ബാബുവിന്റെ സാന്നിധ്യത്തില്‍ തുറമുഖ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍ പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കിയതില്‍ വഴിവിട്ട നീക്കമുള്ളതായി സി പി എം നേതാവ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നയിച്ചിരുന്നു.
വിഴിഞ്ഞം പദ്ധതി നടത്തിപ്പിന്റെ മറവില്‍ 6,000 കോടി രൂപ വില വരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

---- facebook comment plugin here -----

Latest