Malappuram
പെരിന്തല്‍മണ്ണ നഗര പ്രാഥമികാരോഗ്യകേന്ദ്രം തുറന്നു

പെരിന്തല്‍മണ്ണ: എരവിമംഗലത്ത് പെരിന്തല്‍മണ്ണ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നഗരപ്രാഥമികാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണയുടെ ഉള്‍പ്രദേശമായ എരവിമംഗലത്ത് ഹെല്‍ത്ത് സെന്ററിന് പരിമിതമായ സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിന് ഒരു പരിഹാരമായാണ് ഇവിടെയുള്ള ഹെല്‍ത്ത്‌സെന്ററില്‍ നഗരപ്രാഥമികാരോഗ്യകേന്ദ്രം സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചത്.
നഗരത്തില്‍ നിന്നും അഞ്ച് കിലോമീറ്ററോളം ഉള്ളില്‍ ആശുപത്രി സൗകര്യമില്ലാത്ത എരവിമംഗലത്തെ അഞ്ച് വാര്‍ഡുകളിലെ 1500ഓളം കുടുംബങ്ങള്‍ക്ക് പ്രാഥമികാരോഗ്യ പരിചരണത്തിന് ഏറെ സൗകര്യമായ നിലയിലാണ് ആരോഗ്യകേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ ഈ മാസം 30 വരെ പത്ത് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ അധികൃതര്‍ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ജനറല്‍മെഡിസിന്‍, ഇ എന്‍ ടി, ചെസ്റ്റ്, സ്‌കിന്‍ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍ ആയിരിക്കും ക്യാമ്പിലുണ്ടാവുക.
എരവിമംഗലത്തെ നവോദയ പരിസരത്തുള്ള ഹെല്‍ത്ത് സെന്ററില്‍ ഒരു ഡോക്ടര്‍, മൂന്ന് സ്റ്റാഫ് നഴ്‌സ്, ഒരു ഫാര്‍മസിസ്റ്റ്, ഒരു ലാബ്‌ടെക്‌നീഷ്യന്‍, ഓഫീസ് സ്റ്റാഫ് എന്നിവരടങ്ങുന്ന ഒരു ഫുള്‍ ടീമായിരിക്കും പ്രാഥമികാരോഗ്യകേന്ദ്രത്തിലുണ്ടാവുക. ഞായറാഴ്ചയൊഴികെയുള്ള എല്ലാ ദിവസങ്ങളിലും ഉച്ചക്ക് രണ്ട് മുതല്‍ വൈകുന്നേരം ആറുവരെയായിരിക്കും പ്രവൃത്തി സമയം. അത്യാവശ്യ ലാബ് പരിശോധനകളും നടത്തും.
പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും മെഡിക്കല്‍ ക്യാമ്പിന്റെയും ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് നിര്‍വഹിച്ചു. എം മുഹമ്മദ്‌സലീം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി എം ഒ നൂന മര്‍ജ മുഖ്യപ്രഭാഷണം നടത്തി. എന്‍ എച്ച് എം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ സുബൈര്‍, എം കെ ശ്രീധരന്‍, വി ചിത്രാംഗദന്‍, ഡോ.അബ്ദുല്‍ ഗഫൂര്‍, ഡോ. ഇന്ദു, ഇ എന്‍ ടി ഡോ. ശാന്തകുമാരി, ചെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ഡോ. കവിത, ചര്‍മ വിദഗ്ധ ഡോ. സല്‍മ പ്രസംഗിച്ചു.