ചങ്ങരംകുളം: അര നൂറ്റാണ്ടിലേറെ കാലമായി പൊന്നാനി താലൂക്കിലെ കലാ-സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ നിറ സാന്നിധ്യമായി പ്രവര്‍ത്തിച്ചു വരുന്ന പന്താവൂര്‍ നളന്ദ കലാ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം ഇന്ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളപ്പിറവിയുടെ ഭാഗമായി രൂപം കൊണ്ട വായനശാലക്ക് 1956 ഏപ്രില്‍ 14 മുതല്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അംഗത്വമുണ്ട്. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടം സ്വന്തംകെട്ടിടത്തിലേക്ക് മാറുന്നത് നാടിന്റെ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് വായനശാല പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ശ്രമഫലത്തില്‍ പന്‍വൂരില്‍ മൂന്നു സെന്റ് സ്ഥലം വിലക്ക് വാങ്ങിയിരുന്നു. ഈസ്ഥലത്ത് പൊന്നാനി എം എല്‍ എ. പി ശ്രീരാമകൃഷ്്ണന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും അനുവദിച്ച 8.25 ലക്ഷംരൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ആറായിരത്തില്‍ പരം പുസ്തകങ്ങളുടെ ശേഖരണം ഗ്രന്ഥശാലയിലുണ്ട്. ബാലവേദി, കരിയര്‍ ഗൈഡന്‍സ് സെന്റര്‍, സ്‌പോര്‍ട്‌സ് സമിതി, കലാസമിതി, ബ്ലഡ് ഡോണഴ്‌സ് ഫോറം എന്നിവയും വായനശാലക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. പുതിയ കെട്ടിത്തിന്റെ ഉദ്ഘാടനത്തോടെ ഇന്റര്‍നെറ്റ് സൗകര്യത്തോട് കൂടിയ ഡിജിറ്റല്‍ ലൈബ്രറി, പൊതുസേവന കേന്ദ്രം എന്നീ തലങ്ങളിലേക്കും ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം ഉയര്‍ത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ ഗ്രന്ഥശാല കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഗ്രന്ഥശാലയുടെ ആദ്യകാല പ്രവര്‍ത്തകരുടെ സംഗമവും ആദരവും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ രചനാ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പി വിജയന്‍, ഇ കെ രഘുനാഥ്, കെ എന്‍ പ്രദീപ്, എം എസ് സുഭാഷ്, പി വി പ്രകാശ് പങ്കെടുത്തു.