ഗെയിലിന്റെ പുഷ് അപ് വിജയാഘോഷം

Posted on: May 17, 2015 5:25 am | Last updated: May 16, 2015 at 11:26 pm

gayleഹൈദരാബാദ്: വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ ഒന്ന് ചിരിച്ചു കിട്ടാന്‍ വളരെ പ്രയാസമാണ്. എന്നാല്‍ മനസ്സിന് ആനന്ദമേകുന്ന ഇന്നിംഗ്‌സ് കളിക്കുമ്പോഴും കളിയില്‍ ഉജ്ജ്വല വിജയം നേടിയാലും ആശാന്‍ അതാഘോഷിക്കുക തന്നെ ചെയ്യും. നേരത്തെ ഗന്നം സ്റ്റൈല്‍ നൃത്തം ചെയ്തും ക്രിസ്റ്റ്യാനോ റൊണാല്‍ഡോ, ഉസൈന്‍ ബോള്‍ട്ട് എന്നിവരുടെ ആഹ്ലാദപ്രകടനം അനുകരിച്ചും ഗെയില്‍ വാര്‍ത്തയിലിടം നേടിയിരുന്നു. ഇത്തവണ ആഘോഷ രീതി മാറി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയ തകര്‍പ്പന്‍ ജയത്തിന് ശേഷം പുഷ് അപ്പ് എടുത്തായിരുന്നു ആഘോഷം. കോഹ്‌ലിയും മറ്റ് താരങ്ങളും ഗെയിലിനൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
മഴ വില്ലനായെത്തിയ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിനാണ്് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. 11 ഓവറാക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 135 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണര്‍ (52), ഹെന്റിക്വസ് (57) എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വീണ്ടും മഴവില്ലനായപ്പോള്‍ ബാംഗ്ലൂരിന്റെ വിജയലക്ഷ്യം ആറ് ഓവറില്‍ 81 റണ്‍സായി പുതുക്കി നിശ്ചയിച്ചു. പത്ത് പന്തില്‍ 35 റണ്‍സെടുത്ത ഗെയില്‍ സ്‌ഫോടനാത്മക തുടക്കമാണ് ബാംഗ്ലൂരിന് സമ്മാനിച്ചത്. എന്നാല്‍ മൂന്നാം ഓവറില്‍ ഗെയ്‌ലിനെയും ഡിവില്ല്യേഴ്‌സിനെയും (0) അടുത്തടുത്ത പന്തില്‍ മടക്കി ഹെന്റിക്വസ് ബാംഗ്ലൂരിനെ പ്രതിരോധത്തിലാക്കി. വെറും മൂന്ന് റണ്‍ മാത്രമാണ് ഈ ഓവറില്‍ ഹെന്റിക്വസ് വിട്ടുകൊടുത്തത്.
മനസ്സാന്നിധ്യം കൈവിടാതെ ബാറ്റ് വീശിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (19 പന്തില്‍ 44) ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. അവസാന ഓവറില്‍ ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടത് 14 റണ്‍സ്. ആദ്യ രണ്ട് പന്തില്‍ ലഭിച്ചത് വെറും ഒരു റണ്‍. എന്നാല്‍ പിന്നീടുള്ള മൂന്ന് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും നേടി കോഹ്‌ലി ടീമിന് ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുത്തു. കോലി തന്നെയാണ് കളിയിലെ കേമനും.