Kerala
ട്രാഫിക് നിയമലംഘനം: 419852 പേര്‍ക്കെതിരെ നടപടി; 5.9 കോടി പിഴ

തിരുവനന്തപുരം: കഴിഞ്ഞ ഒരു മാസത്തിനിടെ ട്രാഫിക് നിയമം ലംഘിച്ചതിന് 419852 പേര്‍ക്കെതിരെ നടപടി സ്വീകരിച്ച പോലീസ് ഇവരില്‍നിന്ന് 5.9 കോടി രൂപയാണ് പിഴയീടാക്കിയത്. മദ്യപിച്ച് വാഹനമോടിച്ചതിനെതിരെ 14870 പേര്‍ക്കെതിരെയും അമിതവേഗത്തിന് 24464 പേര്‍ക്കെതിരെയും സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന് 33454 പേര്‍ക്കെതിരെയും ഹെല്‍മറ്റ് ധരിക്കാത്തതിന് 155678 പേര്‍ക്കെതിരെയുമാണ് നടപടിയെടുത്തത്. തെറ്റായ വശത്തുകൂടി ഓവര്‍ടേക്ക് ചെയ്തതിന് 5200 പേര്‍ക്കെതിരെയും അശ്രദ്ധമായി വണ്ടിയോടിച്ചതിന് 5523 പേര്‍ക്കെതിരെയും അമിതഭാരം കയറ്റിയതിന് 11439 പേര്‍ക്കെതിരെയും ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തതിന് 7541 പേര്‍ക്കെതിരെയും നടപടിയെടുത്തു. ട്രാഫിക് നിയമലംഘകര്‍ക്കെതിരെയുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ട്രാഫിക് ചുമതലയുള്ള എ ഡി ജി പി അരുണ്‍കുമാര്‍ സിന്‍ഹ അറിയിച്ചു.
ഗതാഗത തടസ്സമുണ്ടാക്കും വിധം പാര്‍ക്ക് ചെയ്തതിന് 22959 പേരില്‍ നിന്ന് പിഴ ഈടാക്കി. സണ്‍ഫിലിം നീക്കം ചെയ്യാത്തതിന് 1604 പേര്‍ക്കെതിരെയും യൂണിഫോം ധരിക്കാത്തതിന് 43546 പേര്‍ക്കെതിരെയും മഞ്ഞവര മുറിച്ചുകടന്നതിന് 779 പേര്‍ക്കെതിരെയും ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 6617 പേര്‍ക്കെതിരെയും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 1771 പേര്‍ക്കെതിരെയും മറ്റ് നിയമലംഘനങ്ങള്‍ക്ക് 99277 പേര്‍ക്കെതിരെയുമാണ് നടപടി എടുത്തത്.
ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് 3185 വാഹനാപകടങ്ങളാണ് ഉണ്ടായത്. 362 പേര്‍ ഇതോടനുബന്ധിച്ച് മരണപ്പെടുകയും 3759 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. വാഹനാപകടങ്ങള്‍ നിയന്ത്രിക്കുന്നതിനും ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും നിയമനടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും എ ഡി ജി പി അറിയിച്ചു.