Connect with us

Kozhikode

കരിപ്പൂരിന്റെ ചിറകരിയാന്‍ ഗൂഢ പദ്ധതി: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: നവീകരണ ജോലിക്കായി കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ദീര്‍ഘകാലത്തേക്ക് അടച്ചിടുന്നതും നെടുമ്പാശ്ശേരിയില്‍ സ്ഥിരം ഹജ്ജ് ഹൗസ് പണിയാനുള്ള നീക്കവും കോഴിക്കോട് വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
അടുത്ത വര്‍ഷം ഹജ്ജ് യാത്രക്ക് മുമ്പ് റണ്‍വേ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനാകുമെന്നിരിക്കെ നെടുമ്പാശ്ശേരിയില്‍ സ്ഥിരം ഹജ്ജ്ഹൗസ് പണിയാനുള്ള നീക്കം ഹജ്ജ് യാത്ര ഭാവിയില്‍ കരിപ്പൂരിന് നഷ്ടമാകുമോയെന്ന ആശങ്കയുയര്‍ത്തുന്നുണ്ട്.
കൃത്യമായ ആസൂത്രണവും സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് സമര്‍ദവുമുണ്ടായിരുന്നെങ്കില്‍ ആറ് മാസം കൊണ്ട് കരിപ്പൂരിലെ നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കാനും വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണ കാലാവധി കുറക്കാനുമാവുമായിരുന്നെന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പ്രവാസി യാത്രക്കാര്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളം സ്ഥാപിതമായതു തന്നെ ഏറെ കാലത്തെ മലബാറുകാരുടെ മുറവിളികള്‍ക്കു ശേഷമാണ്. സ്വകാര്യ സംരംഭക പങ്കാളിത്തമുള്ള വിമാനത്താവള ലോബി മുമ്പും കരിപ്പൂരിന്റെ വികസനത്തിന് തടയിടാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചിട്ടുണ്ട്. വലിയ വിമാനങ്ങളുടെ സര്‍വീസ് എന്നെന്നേക്കുമായി കരിപ്പൂരിന് നഷ്ടപ്പെടുമോ എന്ന ആശങ്ക ഉയരുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പുലര്‍ത്തുന്ന നിസ്സംഗത ദുരൂഹമാണെന്ന് കാന്തപുരം പറഞ്ഞു.
സ്ഥിരം ഹജ്ജ് യാത്രാ കേന്ദ്രമായി മാറിയാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രാധാന്യവും വരുമാനവും വര്‍ധിക്കും. അതേ സമയം കരിപ്പൂര്‍ വിമാനത്താവളം ശോഷിക്കുകയും കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച ഹജ്ജ് ഹൗസ് പാഴാവുകയും. ഭൂരിഭാഗം ഹാജിമാര്‍ക്കും യാത്രാ ദുരിതം നേരിടേണ്ടിയും വരും. ഹജ്ജ് കമ്മിറ്റി മുഖേനയാവട്ടെ, സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയാവട്ടെ ഹാജിമാരില്‍ ഭൂരിഭാഗവും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ്. കാലാകാലങ്ങളായി ഇവിടങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ ആശ്രയിച്ചു വരുന്നത് കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. ഈ സാഹചര്യത്തില്‍ ജനപ്രതിനിധികളും, രാഷ്ട്രീയ സംഘടനാ നേതാക്കളും ഹജ്ജ് കമ്മിറ്റിയും കരിപ്പൂരിനെ ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തിനെതിരെ രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Latest