ജനറല്‍ ശൈഖ് മുഹമ്മദ് വൈറ്റ് ഹൗസ് വിരുന്നില്‍ പങ്കെടുത്തു

Posted on: May 15, 2015 10:09 pm | Last updated: May 15, 2015 at 10:09 pm
MODI
അബുദാബി ഭരണാധികാരിയും യു എ ഇ സായുധസേന ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ക്യാമ്പ് ഡേവിഡ് ഉച്ചകോടിയുടെ ഭാഗമായി വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ അമേരിക്കന്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പ്രസിഡന്റ് ബറാക് ഒബാമ സ്വീകരിക്കുന്നു

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ക്യാമ്പ് ഡേവിഡ് ഉച്ചകോടിയുടെ ഭാഗമായി വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ പങ്കെടുത്തു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് ജി സി സി രാഷ്ട്രനേതാക്കള്‍ക്കായി വിരുന്ന് സംഘടിപ്പിച്ചത്. ഒബാമയും മുതിര്‍ന്ന യു എസ് ഉദ്യോഗസ്ഥരും ജനറല്‍ ശൈഖ് മുഹമ്മദിനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്തു. യു എ ഇ പ്രതിനിധി സംഘത്തെ നയിച്ചാണ് ജനറല്‍ ശൈഖ് മുഹമ്മദ് അമേരിക്കയില്‍ എത്തിയത്. ദേശീയ സുരക്ഷാ ഉപ ഉപദേഷ്ടാവ് ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അമേരിക്കയിലെ യു എ ഇ സ്ഥാനപതി യൂസുഫ് അല്‍ ഉതൈബ തുടങ്ങിയവരും ജനറല്‍ ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു. ജനറല്‍ ശൈഖ് മുഹമ്മദ് അമേരിക്കന്‍ പ്രസഡന്റുമായി മേഖലാ വിഷയങ്ങളും ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, സൗഊദി അറേബ്യന്‍ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ്, ബഹ്‌റൈന്‍ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രിം കമാണ്ടറും ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ഒമാന്‍ ക്യാബിനറ്റ് കാര്യ ഉപ പ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സെയ്ദ് തുടങ്ങിയവരും ഒബാമ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തു.