Connect with us

Kollam

ആ ഉമ്മയും ബാപ്പയും കാത്തിരിക്കുന്നു; മകനെ കാണാന്‍

Published

|

Last Updated

അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മാതാപിതാക്കളായ അബ്ദുസ്സമദും അസുമാ ബീവിയും

കൊല്ലം; അഞ്ച് വര്‍ഷത്തിന് ശേഷം മഅ്ദനി മൈനാഗപ്പള്ളി തോട്ടുവാല്‍ മന്‍സിലിന്റെ പടികടന്നെത്തുന്നത് കാത്തിരിക്കുകയാണ് മാതാപിതാക്കളായ അബ്ദുല്‍ സമദും അസുമാ ബീവിയും. മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുവാദം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും. മഅ്ദനിയുടെ മകള്‍ ഷെമീറയുടെ വിവാഹത്തിനായി അനുവദിച്ച പരോളില്‍ അന്‍വാര്‍ശേരിയിലെത്തിയപ്പോഴാണ് ഇവര്‍ മഅ്ദനിയെ അവസാനം കണ്ടത്. മഅ്ദനി അന്ന് തന്നെ അവശനായിരുന്നുവെന്ന് സമദ് മാസ്റ്റര്‍ ഓര്‍ക്കുന്നു. വാര്‍ധക്യത്തിന്റെ അവശതകളേക്കാളേറെ 74 കാരനായ അദ്ദേഹത്തെ വിഷമിപ്പിക്കുന്നത് മഅ്ദനിയുടെ അവസ്ഥയാണ്.
മകന് ഉമ്മയെ കാണാന്‍ അനുവാദം നല്‍കിയ സുപ്രീംകേടതി നടപടിയില്‍ സന്തോഷമുണ്ടെന്നായിരുന്നു മഅ്ദനിയുടെ പിതാവ് അബ്ദുല്‍ സമദ് മാസ്റ്ററുടെ ആദ്യ പ്രതികരണം. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. ഇതിനായി ഭരണകൂടങ്ങള്‍ സഹകരിക്കണം. മാതാവിനെ കാണാന്‍ മകനെ അനുവദിച്ച കോടതിയോട് ബഹുമാനമാണുള്ളത്. കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ മഅദനിക്ക് ചികിത്സപോലും കിട്ടുന്നത്. കാലാകാലങ്ങളില്‍ കോടതികളില്‍ നിന്നും ചെറുതും വലുതുമായി ലഭിക്കുന്ന നീതിയിയാണ് തങ്ങള്‍ക്ക് ജീവിക്കാനുള്ള പ്രേരണ നല്‍കുന്നത്. മകന്റെ ദുരവസ്ഥയില്‍ വേദനിക്കുന്ന തങ്ങള്‍ക്ക് കോടതി നല്‍കുന്ന ആനുകൂല്യത്തില്‍ അതിയായി സന്തോഷിക്കുന്നു… പക്ഷാഘാതത്തിന്റെ അവശതകള്‍ മറന്ന് സംസാരിക്കുമ്പോള്‍ സമദ് മാസ്റ്ററുടെ വാക്കുകളില്‍ സന്തോഷവും സങ്കടവും ഒരു പോലെ പ്രകടമായിരുന്നു.
അര്‍ബുദ രോഗത്തിന്റെ വേദന കടിച്ചര്‍ത്തുമ്പോഴും മാതാവ് അസുമാബീവിക്ക് മകന്റെ അവസ്ഥയിലുള്ള സങ്കടമാണ് സഹിക്കാനാകാത്തത്. കേരളത്തിലേക്ക് ഏത് ദിവസം വരുമെന്ന് അറിയിച്ചിട്ടില്ലെങ്കിലും ഇരുവരും മകന്‍ എത്രയും വേഗം എത്താന്‍ മറ്റ് തടസങ്ങളൊന്നുമുണ്ടാകരുതെന്ന പ്രാര്‍ഥനയിലാണ്.

---- facebook comment plugin here -----

Latest