നിസ്‌കാരത്തിനിടെ മൊബൈല്‍ മോഷണം നടത്തുന്ന പ്രതി അറസ്റ്റില്‍

Posted on: May 14, 2015 3:41 pm | Last updated: May 14, 2015 at 3:41 pm

3തിരൂര്‍: നിസ്‌കാരത്തിനിടെ പള്ളിയില്‍ നിന്നും മൊബൈല്‍ മോഷണം നടത്തുന്ന പ്രതി അറസ്റ്റില്‍. വെട്ടം തീണ്ടാപടി സ്വദേശി കോട്ടത്തറ നാലകത്ത് വീട്ടില്‍ ഹാരിസി(35)നെയാണ് കഴിഞ്ഞ ദിവസം തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പള്ളികള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ മോഷണം നടത്തുന്നത് പതിവായിരുന്നു.
കഴിഞ്ഞ മാസം അന്നാര ജുമാ മസ്ജിദില്‍ ഇശാ നിസ്‌കാരത്തിനിടെ ഇയാള്‍ മൊബൈല്‍ ഫോണ്‍ കവര്‍ന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പള്ളിയിലുണ്ടായിരുന്നവര്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പള്ളിയുടെ പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബൈക്ക് നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്നാരയില്‍ നിന്നും കണ്ടെത്തിയ പ്രതിയുടെ ബൈക്കില്‍ ഒരു മൊബൈല്‍ ഫോണും പൊട്ടിച്ച നിലയിലുള്ള മാലയും കണ്ടെത്തിയിരുന്നു. പരിശോധനയില്‍ മാല സ്വര്‍ണമല്ലെന്ന് തെളിഞ്ഞിരുന്നു.
മൊബൈലില്‍ ഇട്ടിരുന്ന സിംകാര്‍ഡ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പ്രതിയെ കുറിച്ച് പോലീസിന് ക്രിത്യമായ വിവരം ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഈ ഫോണ്‍ മോഷ്ടിച്ചതാണെന്ന് വ്യക്തമായി. തിരൂര്‍ ബോയ്‌സ് ഹൈസ്‌കൂളിന് സമീപം താമസിച്ചിരുന്ന ഹോമിയോ ഡോക്ടര്‍ ഹസീബുല്ലയുടേതായിരുന്നു മൊബൈല്‍. തിരൂര്‍ താഴേപ്പാലത്തുള്ള പള്ളിയില്‍ നിസ്‌കരിക്കുന്നതിനിടയിലായിരുന്നു ഹോമിയോ ഡോക്ടറുടെ മൊബൈല്‍ മോഷണം പോയത്.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ വീട്ടില്‍ നിന്നും മാറി കൊടിഞ്ഞിയിലെ വാടക വീട്ടിലേക്ക് പ്രതി താമസം മാറുകയായിരുന്നു. തിരൂര്‍ എസ് ഐ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം വാടക വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. കയ്യിലുണ്ടായിരുന്ന മറ്റൊരു മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ ഉടമസ്ഥന്‍ ബി പി അങ്ങാടി സ്വദേശി ഉസ്മാന്‍ ഫോണ്‍ തിരിച്ചറിഞ്ഞു. വേറെയും ഫോണുകള്‍ മോഷ്ടിച്ചതായി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതി ഹാരിസിനെ തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.