Connect with us

Education

ബി എഡ് പ്രവേശനം കോളജുകള്‍ക്ക് നേരിട്ടു നടത്താം

Published

|

Last Updated

തിരുവനന്തപുരം: ബി എഡ്, എം എഡ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം അതത് കോളജുകള്‍ക്ക് നേരിട്ട് നടത്താമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഇതോടെ മുന്‍ വര്‍ഷങ്ങളില്‍ നടത്തിവന്ന കേന്ദ്രീകൃത അലോട്ട്‌മെന്റ് സംവിധാനമില്ലാതാവും. കേന്ദ്രീകൃത രീതിയിലുള്ള പ്രവേശനം ഫലപ്രദമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബി എഡ്, എം എഡ് കോഴ്‌സുകളുടെ പ്രവേശനം അതത് കോളജുകള്‍ക്ക് തിരികെ നല്‍കി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജുകള്‍ക്ക് ബി എഡ് കോഴ്‌സുകളിലേക്ക് സ്വന്തമായി പ്രവേശനം നടത്താം. വിദ്യാര്‍ഥികള്‍ പഠിക്കാനാഗ്രഹിക്കുന്ന കോളജില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രവേശനത്തിനുള്ള നടപടികള്‍ 20ന് അതതു കോളജുകളില്‍ ആരംഭിക്കും.
ജൂണ്‍ ആറിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി. ജൂണ്‍ 22ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈ ഒന്നിന് ക്ലാസ് ആരംഭിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കോളജുകള്‍ക്കാണ് പ്രവേശനത്തിനുള്ള അധികാരമെങ്കിലും അഡ്മിഷന്‍, ഫീസ് തുടങ്ങിയ കാര്യങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് നിര്‍ദേശം. പ്രവേശന നടപടിക്ക് യൂനിവേഴ്‌സിറ്റികളുടെ മേല്‍നോട്ടമുണ്ടായിരിക്കും. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടിക്രമം മാറ്റിയത്.

Latest