Kasargod
വേദനകള്‍ മറക്കാന്‍ കൂട്ടായ്മയുടെ സന്ദേശമായി വേനല്‍പറവകള്‍

കാസര്‍കോട്: സമൂഹത്തിന്റെ ശ്രദ്ധയും പരിചരണവും സംരക്ഷണവും ആവശ്യമുള്ള വ്യത്യസ്തങ്ങളായ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന സാമൂഹ്യപരമായി വിവേചനവും ഒറ്റപ്പെടലും അനുഭവിക്കുന്ന കുട്ടികള്‍ക്കായി കാസര്‍കോട്ട് “വിഹാന്‍ കെയര്‍ ആന്റ് സപ്പോര്‍ട്ട് സെന്റര്‍” കാസര്‍കോടിലെ കുട്ടികള്‍ക്കായി വേനല്‍പറവകള്‍ എന്ന പേരില്‍ കോട്ടക്കണ്ണിയില്‍ ഏകദിന വിനോദ-വിജ്ഞാന ക്യാമ്പ് സംഘടിപ്പിച്ചു.
പ്രസ് ക്ലബ്ബ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി ഉദ്ഘാടനം ചെയ്തു. പ്രൊജക്ട് ഡയറക്ടര്‍ കെ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ലൈന്‍ കാസര്‍കോട്, സെക്കുലര്‍ സാംസ്‌കാരിക സമിതി മേല്‍പ്പറമ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ വ്യക്തിത്വ വികസനം, നേതൃത്വഗുണം, അഭിനയപാടവം, പ്രസംഗ പരിശീലനം, മനപാഠം, ഓര്‍മ പരിശോധന തുടങ്ങി വിവിധതരം മാനസിക വികസന പരിപാടികളും തിയേറ്റര്‍ ഗെയിംസും പരിശീലിപ്പിച്ചു.
നാടക പ്രവര്‍ത്തകനായ റഫീഖ് മണിയങ്ങാനം ക്യാമ്പ് ഡയറക്ടറായിരുന്നു. ഡോ. സി എച്ച് ജനാര്‍ദ്ദന നായക്, ഹെല്‍ത്ത് ലൈന്‍ പ്രൊജക്ട് ഡയറക്ടര്‍ മോഹനന്‍ മാങ്ങാട്, സി.എസ് സി കോ-ഓര്‍ഡിനേറ്റര്‍ കെ പൂര്‍ണ്ണിമ, കെ ബി രജനി തുടങ്ങിയവര്‍ പ്രസംഗിച്ചു.