മോദി അദാനിക്കു വേണ്ടി; അല്ല, മോദിയുടെ പേരില്‍ അദാനി

Posted on: May 14, 2015 6:01 am | Last updated: May 13, 2015 at 9:07 pm

modi and adaniഓര്‍മയില്‍ തങ്ങുന്ന ഒരു പരസ്യവാക്യം അല്‍പ്പം പരിഷ്‌കരിച്ചാല്‍ ‘എവിടെ നരേന്ദ്ര ദാമോദര്‍ ദാസ് മോദിയുണ്ടോ അവിടെ ഗൗതം അദാനിയുണ്ട്’ എന്നാകും. യഥാര്‍ഥ പരസ്യവാക്യം അതിശയോക്തിയായിരിക്കാം. എന്നാല്‍ പരിഷ്‌കൃതരൂപം ഒട്ടും അതിശയോക്തിയുള്ളതല്ല, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വിദേശ സന്ദര്‍ശനങ്ങളുടെ കാര്യത്തില്‍. രാജ്യത്തുള്ളതിലുമധികം സമയം പ്രധാനമന്ത്രി വിദേശത്തായതിനാല്‍ പരിഷ്‌കരിച്ച വാക്യം തികച്ചും വസ്തുതാപരമാണെന്ന് പറയാം.
നരേന്ദ്ര മോദി, അമേരിക്കയും ബ്രസീലും ആസ്‌ത്രേലിയയും ജപ്പാനും സന്ദര്‍ശിച്ചപ്പോള്‍ അദാനി ഒപ്പമുണ്ടായിരുന്നു. ന്യൂയോര്‍ക്കില്‍ പ്രധാനമന്ത്രി താമസിച്ച ന്യൂയോര്‍ക്ക് പാലസ് ഹോട്ടലില്‍ തന്നെയായിരുന്നു അദാനിയുടെയും വാസം. ഹോട്ടലില്‍ മോദി താമസിച്ചയിടത്തേക്ക് അദാനി എത്ര തവണ വന്നുവെന്ന് സുരക്ഷാ സേനയിലെ അംഗങ്ങള്‍ക്ക് പോലും പറയാനാകില്ല. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ നരേന്ദ്ര മോദി അഭിസംബോധന ചെയ്തപ്പോള്‍ അദാനി അവിടെയുണ്ട്. അടുത്തിടെ നടന്ന ജര്‍മനി, ഫ്രാന്‍സ്, കാനഡ സന്ദര്‍ശനങ്ങളിലും മോദിക്കൊപ്പം അദാനിയുണ്ടായിരുന്നു. വിദ്യാഭ്യാസം, ശാസ്ത്രം, സംസ്‌കാരം എന്നിവക്കായുള്ള ഐക്യരാഷ്ട്രസഭാ സംഘടനയുടെ (യുനെസ്‌കോ) സമ്മേളനത്തില്‍ മോദി സംസാരിക്കുമ്പോള്‍ അദാനി സദസ്സിലുണ്ട്. ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് നിക്കൊളാസ് സര്‍കോസിയൊരുക്കിയ വിരുന്നിലെ പ്രധാന അതിഥികളില്‍ ഒരാളും ഗൗതം അദാനി തന്നെ. വിരുന്നില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വ്യവസായികളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അനില്‍ അംബാനിക്കു ശേഷം രണ്ടാമതായി രേഖപ്പെടുത്തിയത് മറ്റാരുടെയും പേരായിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദര്‍ശനം നടത്തുമ്പോള്‍ അനുഗമിക്കുന്ന ഉദ്യോഗസ്ഥരും ക്ഷണിതാക്കളുമടങ്ങുന്ന ഔദ്യോഗിക സംഘത്തിലൊന്നും ഗൗതം അദാനിയുള്‍പ്പെട്ടിട്ടില്ലെന്നാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിലെത്തുമ്പോള്‍ ഇന്ത്യന്‍ പൗരന്‍മാരാരെങ്കിലും അവിടെയെത്തുന്നത് തടയാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. അത് ശരിയാണെങ്കില്‍, രാജ്യത്തിന്റെ പരമാധികാരി എപ്പോള്‍, എവിടേക്കൊക്കെ പോകുന്നുവെന്ന വിവരം കൃത്യമായി അറിയാന്‍ അദാനിക്ക് സാധിക്കുന്നുവെന്ന് കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നത്. അല്ലെങ്കില്‍ അദാനിയോട് ആലോചിച്ചാണ് പ്രധാനമന്ത്രി, വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങള്‍ തീരുമാനിക്കുന്നത് എന്ന് ജനം മനസ്സിലാക്കേണ്ടിവരും. ഇതുരണ്ടുമല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് പ്രധാനമന്ത്രി നടത്തുന്ന എല്ലാ വിദേശ സന്ദര്‍ശനങ്ങളിലും അദാനി ഒപ്പമുണ്ടാകുന്നത്?
നരേന്ദ്ര മോദിക്കൊപ്പം അപ്രതീക്ഷിത സാന്നിധ്യമായി അദാനി എത്തുന്നുവെന്നതില്‍ തീരുന്നതല്ല കാര്യങ്ങള്‍. മോദിയുടെ കാനഡ സന്ദര്‍ശനത്തിനിടെ ഇന്ത്യയിടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ നിക്ഷേപവും ആണവോര്‍ജ ഉത്പാദനത്തിനുള്ള യുറേനിയം കൈമാറ്റവും ചര്‍ച്ചയായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലും ഊര്‍ജോത്പാദനത്തിലും നിക്ഷേപം നടത്തുന്ന വ്യവസായിയാണ് അദാനി. അത്തരമൊരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ അടുത്തയാളായി, കനഡയിലെ സര്‍ക്കാറിന് മുന്നിലെത്തുമ്പോള്‍ ഉദ്ദേശ്യം വ്യക്തമാണ്. ആസ്‌ത്രേലിയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനത്തിന് തൊട്ടുപിറകെയാണ് അവിടെ കല്‍ക്കരി ഖനനത്തിന് അദാനി ഗ്രൂപ്പിന് അനുമതി കിട്ടിയത്. ഈ പദ്ധതിക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 100 കോടി ഡോളറിന്റെ (ഇപ്പോഴത്തെ രൂപയുടെ മൂല്യമനുസരിച്ച് 6,400 കോടി) വായ്പ തരപ്പെടുത്തുകയും ചെയ്തു അദാനി ഗ്രൂപ്പ്. വാര്‍ത്ത പുറത്തുവരികയും എസ് ബി ഐ, അദാനിക്ക് അരുനില്‍ക്കുന്നുവെന്ന ആക്ഷേപമുയരുകയും ചെയ്തതോടെ നിലവിലുള്ള കടത്തില്‍ 5,000 കോടി തിരിച്ചടച്ചാലേ പുതിയ വായ്പ നല്‍കൂ എന്ന ഉപാധിയുമായി ബേങ്ക് രംഗത്തുവന്നു. ഇക്കാര്യത്തില്‍ അവസാന തീരുമാനമുണ്ടായിട്ടില്ല. ഫ്രാന്‍സ്, കാനഡ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അദാനി ഒപ്പിച്ചെടുത്ത പദ്ധതികളെന്തൊക്കെ എന്നത് ഇനി പുറത്തുവരാനിരിക്കുന്നതേയുള്ളു.
അദാനി ഗ്രൂപ്പിന്റെ ആകെ ആസ്തി 30,720 കോടി രൂപയാണെന്നാണ് ഏകദേശ കണക്ക്. 2014 സെപ്തംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് ആകെ കടം 72,632 കോടി രൂപയും. കടത്തിന്റെ പലിശയിനത്തില്‍ വര്‍ഷത്തില്‍ ഒടുക്കേണ്ടത് 5,733 കോടി. ആസ്തിയുടെ ഇരട്ടിയിലധികം കടമുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഈ ആസ്തിയിലേക്ക് വളര്‍ന്നത് 2002 മുതല്‍ 2014 വരെ നരേന്ദ്ര മോദി ഗുജറാത്ത് ഭരിച്ച കാലത്താണ്. 2002ല്‍ 76.5 ലക്ഷം ഡോളറായിരുന്നു അദാനി ഗ്രൂപ്പിന്റെ ആകെ വരുമാനം. 2014 മാര്‍ച്ച് ആയപ്പോഴേക്കും വരുമാനം 880 കോടി ഡോളറായി ഉയര്‍ന്നു. 2002 ഡിസംബറില്‍ അഞ്ച് കോടി രൂപ തട്ടിച്ചുവെന്ന കേസില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത വ്യക്തി കൂടിയാണ് ഗൗതം അദാനി എന്നത് കൂടി അറിയുമ്പോഴാണ് വളര്‍ച്ചയുടെ വേഗവും അതിന് പിറകിലെ സ്വാധീനങ്ങളുടെ വലുപ്പവും കുറേക്കൂടി മനസ്സിലാകുക.
2005ല്‍ ഗുജറാത്തിലെ മുന്ദ്രയില്‍ 7,350 ഹെക്ടര്‍ ഭൂമി ചുളുവിലക്ക് 30 വര്‍ഷത്തെ പാട്ടത്തിന് ലഭിക്കുന്നതോടെയാണ് അദാനിയുടെ അപ്രതീക്ഷിത മുന്നേറ്റമുണ്ടാകുന്നത്. പാട്ടത്തിനെടുത്ത ഭൂമിയില്‍ വലിയൊരു ഭാഗം പൊതുമേഖലാ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുള്‍പ്പെടെ കമ്പനികള്‍ക്ക് വാടകക്ക് നല്‍കി അദാനി. 2007 ആകുമ്പോഴേക്കും മുന്ദ്രയില്‍ തന്നെ 1,200 ഹെക്ടര്‍ ഭൂമി അധികമായി അദാനിക്ക് പാട്ടത്തിന് ലഭിച്ചു. ചുരുങ്ങിയ വിലക്ക് കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്തതായിരുന്നൂ ഈ ഭൂമി. ഇവിടെയാണ് രാജ്യത്തെ ഏറ്റവും വലിയ തുറമുഖവും 4,620 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള കല്‍ക്കരി ഇന്ധനമായ പ്ലാന്റും അദാനി നിര്‍മിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചു, ന്യായമായ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നരേന്ദ്ര മോദിയുടെ ഏകാധിപത്യത്തില്‍, ഗുജറാത്തില്‍ ഇത്തരം പ്രതിഷേധങ്ങള്‍ക്ക് വിലയുണ്ടായിരുന്നില്ല. ഇങ്ങനെ ചിലര്‍ പ്രതിഷേധിച്ച വിവരം പുറത്തറിഞ്ഞതുപോലുമില്ല.
തുറമുഖമുള്‍പ്പെടുന്ന പ്രത്യേക സാമ്പത്തിക മേഖല നിര്‍മിച്ചൊരുക്കിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതികളൊന്നുമില്ലാതെയാണെന്ന് പിന്നീട് തെളിഞ്ഞു. നിര്‍മാണം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ഗുജറാത്ത് ഹൈക്കോടതി, പ്രത്യേക സാമ്പത്തിക മേഖലയില്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് തടഞ്ഞു. ഇത് ചോദ്യംചെയ്ത് അദാനി ഗ്രൂപ്പ് നല്‍കിയ ഹരജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയും ചെയ്തു. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തെത്തിയതോടെ അദാനി ഗ്രൂപ്പിന്റെ പ്രത്യേക സാമ്പത്തിക മേഖലക്ക് പാരിസ്ഥിതിക അനുമതി (മുന്‍കാല പ്രാബല്യത്തോടെ!) നല്‍കി അതിനെ നിയമവിധേയമാക്കി.
ഒന്നും രണ്ടും യു പി എ സര്‍ക്കാറുകളെ നയിച്ച ഡോ. മന്‍മോഹന്‍ സിംഗിന്റെ ഔദ്യോഗിക വസതിയില്‍ മുന്‍ അനുവാദം വാങ്ങാതെ സന്ദര്‍ശനം നടത്താന്‍ അനുവാദമുള്ള അപൂര്‍വം വ്യക്തികളിലൊരാള്‍ മുകേഷ് അംബാനിയായിരുന്നു. അംബാനിക്ക് അക്കാലത്ത് ലഭിച്ച ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സി എ ജി റിപ്പോര്‍ട്ടുകളുടെ രൂപത്തില്‍ ഇപ്പോഴും പുറത്തുവരുന്നുണ്ട്. രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അനുവദിച്ച സ്‌പെക്ട്രം, ഫോണ്‍ വിളികള്‍ക്ക് കൂടി ഉപയോഗിക്കാന്‍ അനുവദിച്ചതിലൂടെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് 3,367 കോടി രൂപയുടെ അനര്‍ഹ ലാഭമുണ്ടാക്കിക്കൊടുത്തുവെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരം.
രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സും സ്‌പെക്ട്രം വിതരണവും കേസും കൂട്ടവുമൊക്കെയായതിനാല്‍ ലേലം നടത്തേണ്ടിവന്നു, മോദി സര്‍ക്കാറിന്. ആ ഇനത്തില്‍ റിലയന്‍സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഉണ്ടായ അധിക ബാധ്യത, ഡീസലിന്റെ സബ്‌സിഡി ഒഴിവാക്കി നല്‍കി, വിപണിയില്‍ സജീവമാകാന്‍ അവസരമുണ്ടാക്കി നികത്തിക്കൊടുത്തിട്ടുണ്ട് മോദിയും കൂട്ടരും. കൃഷ്ണ – ഗോദാവരി ബേസിനിലെ പ്രകൃതി വാതക ഖനനത്തിന് വേണ്ടിവന്ന മുതല്‍ മുടക്ക് റിലയന്‍സ് പെരുപ്പിച്ചു കാട്ടിയെന്നും അതിനുനുസരിച്ച് ഉത്പന്നവില നിശ്ചയിച്ചതില്‍ ക്രമക്കേടുണ്ടെന്നും സി എ ജി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‍മേല്‍ പരിശോധനകളൊന്നും നടത്താതെ റിലയന്‍സിനെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇതിനൊപ്പമാണ് അദാനിക്ക്, ഗുജറാത്തിന് പുറത്ത് വേരുറപ്പിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുന്നത്. ആ ശ്രമത്തിന്റെ ഭാഗമാണ് വിദേശയാത്രകളിലെ അദാനിയുടെ സഹയാത്രിത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്ത് നരേന്ദ്ര മോദിക്ക് അദാനി ഗ്രൂപ്പ് സൗജന്യ ആകാശയാത്രകള്‍ ഒരുക്കി നല്‍കിയതൊക്കെ വെറുതെയാകാന്‍ തരവുമില്ല.
കേരളത്തില്‍ വിഴിഞ്ഞം തുറമുഖ വികസനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ ആദ്യ ഘട്ടത്തില്‍ ആരുമില്ലാതിരുന്നതും രണ്ടാം ഘട്ടത്തില്‍ അദാനിയുള്‍പ്പെടെ രണ്ട് കമ്പനികള്‍ മാത്രമുണ്ടായതും ഒടുവില്‍ അദാനി മാത്രമായതുമൊക്കെ യാദൃച്ഛികമല്ല. അദാനിയല്ലാതെ മറ്റാരെങ്കിലും ടെന്‍ഡറില്‍ പങ്കെടുത്ത് നിര്‍മാണമേറ്റെടുത്താല്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹായങ്ങളൊന്നുമുണ്ടാകില്ലെന്ന് ആരെങ്കിലും മുന്നറിവ് നല്‍കിയിട്ടുണ്ടാകുമോ? അദാനിക്കല്ലാതെ മറ്റാര്‍ക്കെങ്കിലും ടെന്‍ഡര്‍ നല്‍കിയാല്‍ പദ്ധതി പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുപോകില്ലെന്ന് നമ്മുടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ ആരെങ്കിലും അറിയിച്ചിട്ടുണ്ടാകുമോ? പദ്ധതി നടത്തിപ്പിന്റെ ചുമതല അദാനി ഏറ്റെടുക്കുകയാണെങ്കില്‍ വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് ഭൂമി വികസിപ്പിക്കാന്‍ (റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ സുന്ദരപ്പേരാണ് ഭൂമി വികസനം) അദാനി ഗ്രൂപ്പിന് അനുവാദം നല്‍കിയിട്ടുണ്ടോ?
വിഴിഞ്ഞം പോലെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അദാനി കണ്ണുവെച്ച ഇടങ്ങളേതൊക്കെ എന്ന് വരുംകാലത്ത് അറിയാനാകും. ഉര്‍ജോത്പാദനം, പരിസര ശുചീകരണം എന്ന് തുടങ്ങി ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമായി മുന്നോട്ടുവെക്കപ്പെടുന്ന പദ്ധതികളില്‍ എത്ര പങ്ക് അദാനി, സ്വന്തം കടം തീര്‍ക്കാന്‍ ഉപയോഗിക്കുമെന്നതും. ഒന്നുറപ്പ്, ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കപ്പുറത്ത്, അദാനിയുടെ കണക്കുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ടുകളെഴുതി കൈകഴക്കാനാകും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെയും കീഴുദ്യോഗസ്ഥരുടെയും യോഗം. അത്തരം പരിശോധനക്ക് ത്രാണിയും ചങ്കുറപ്പമുള്ള ഉദ്യോഗസ്ഥരെ സി എ ജിയില്‍ നരേന്ദ്ര മോദി അനുവദിക്കുമെങ്കില്‍. നരേന്ദ്ര ദാമോദര്‍ദാസ് മോദി, ഗൗതം അദാനിക്കു വേണ്ടി നടത്തുന്ന ഭരണമാണോ ഗൗതം അദാനി, നരേന്ദ്ര ദാമോദര്‍ ദാസ് മോദിയുടെ പേരില്‍ നടത്തുന്ന ഭരണമാണോ നടന്നത്/നടക്കാനിരിക്കുന്നത് എന്നതിലേ സംശയം വേണ്ടൂ. എല്ലാറ്റിനും മാതൃക ഗുജറാത്താണ്. അതിന് വാഴ്ത്ത് മൊഴി. കടം തീര്‍ത്ത് ധനികനാകാന്‍ അദാനിക്ക് സംഘ് പരിവാരത്തിന്റെ വക പ്രത്യേക വാഴ്ത്തും…

ALSO READ  മൻ കി ബാത്; മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും