Connect with us

Gulf

കവി അസ്‌മോപുത്തന്‍ ചിറക്ക് നിറകണ്ണുകളോടെ യാത്രാമൊഴി

Published

|

Last Updated

അബുദാബി: കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അസ്‌മോ പുത്തന്‍ചിറക്ക് നിറകണ്ണുകളോടെ സ്‌നേഹിതരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും യാത്രാമൊഴി നല്‍കി. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ മുസഫ്ഫയിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. മരണ വിവരമറിഞ്ഞത് മുതല്‍ വസതിയിലും ആശുപത്രിയിലുമായി സുഹൃത്തുക്കള്‍ കൂട്ടത്തോടെ എത്തിയിരുന്നു. ഇന്നലെ രാത്രി ശൈഖ് ഖലീഫ ആശുപത്രി മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് നൂറുക്കണക്കിനാളുകളാണ് സംബന്ധിച്ചത്. അസ്‌മോയുടെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണുന്നതിന് യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളും സാംസ്‌കാരികപ്രവര്‍ത്തകരും ഇന്നലെ വൈകുന്നേരം തന്നെ ആശുപത്രിയുടെ മോര്‍ച്ചറി പരിസരത്ത് എത്തിയിരുന്നു.
അബുദാബി ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ചറല്‍ സെന്റര്‍ ഭാരവാഹികളായ ഉസ്മാന്‍ സഖാഫി തിരുവത്ര, സലാം മാസ്റ്റര്‍, ലത്വീഫ് ഹാജി, അബ്ദുല്‍ ബാരി, ലുലു സി ഇ ഒ. ഒ വി ഐ സലീം, യു എ ഇ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയും സാംസ്‌കാരികപ്രവര്‍ത്തകനുമായ കെ കെ മൊയ്തീന്‍ കോയ, മലയാളി സമാജം പ്രസിഡന്റ് യേശുശീലന്‍, ഐ എസ് സി പ്രസിഡന്റ് രമേശ് പണിക്കര്‍, കെ എസ് സി പ്രസിഡന്റ് എന്‍ വി മോഹനന്‍, ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി, പുന്നക്കന്‍ മുഹമ്മദലി, ലത്വീഫ് ഹാജി (ഫാത്വിമ), സുരേഷ് പയ്യന്നൂര്‍, ഫ്രെണ്ട്‌സ് എ ഡി എം എസ് പ്രതിനിധി നാസര്‍, യുവ കലാസാഹിതി പ്രതിനിധി സുനീര്‍, കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ മയ്യിത്ത് സന്ദര്‍ശിച്ചു.
ശൈഖ് ഖലീഫ ആശുപത്രിമോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേഴ്‌സില്‍ നാട്ടിലെത്തിച്ച് വൈകുന്നേരം അസര്‍ നിസ്‌കാര ശേഷം പുത്തന്‍ചിറ കുന്നത്തേരി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.
അസ്‌മോ പുത്തന്‍ചിറയുടെ നിര്യാണത്തില്‍ യു എ ഇ എക്‌സ്‌ചേഞ്ച്-എന്‍ എം സി. എം ഡിയും ഗ്രൂപ്പ് പ്രസിഡന്റുമായ വൈ സുധീര്‍കുമാര്‍ ഷെട്ടി, ലുലു ഗ്രൂപ്പ് എം ഡി എം എ യൂസുഫലി എന്നിവര്‍ അനുശോചിച്ചു.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest