Gulf
മിന്നും പ്രകടനങ്ങള്‍; ജെറ്റ്മാന്മാര്‍ മനം കവര്‍ന്നു

ദുബൈ: കാഴ്ചക്കാരില്‍ അല്‍ഭുതം ജനിപ്പിക്കുന്ന പ്രകടനങ്ങളിലൂടെ ജെറ്റ്മാന്മാര്‍ കാഴ്ചക്കാരുടെ മനം കവര്‍ന്നു.
ദുബൈയുടെ ഔദ്യോഗിക ജെറ്റ്മാന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന യെവ്‌സ് റോസി(55)യും അടുത്തിടെ കൂട്ടുകാരനായി എത്തിയ ഫ്രഞ്ച് സാഹസിക കായികതാരം വിന്‍സ് റെഫെറ്റുമാണ് ദുബൈയുടെ ആകാശങ്ങളില്‍ സാഹസിക പ്രകടനങ്ങള്‍ നടത്തിയത്. യുദ്ധവിമാനങ്ങള്‍ പറത്തിയ മുന്‍ അനുഭവവും കൊമേഴ്‌സ്യല്‍ പൈലറ്റെന്ന യോഗ്യതയുമാണ് റോസിയുടെ മുതല്‍ക്കൂട്ട്. ചെറു യന്ത്രം ഘടിപ്പിച്ച ചിറകുള്ള ജെറ്റ്പാക്‌സുകളായിരുന്നു ഇരുവരും അഭ്യാസത്തിനായി തിരഞ്ഞെടുത്തത്. അക്രോബാറ്റിക് വിഭാഗത്തില്‍ ഉള്‍പെടുന്ന അഭ്യാസപ്രകടനങ്ങളാണ് ഇരുവരും ആകാശത്ത് കാണികള്‍ക്കായി പുറത്തെടുത്തത്.
ഇത് തന്റെ സ്വപ്‌നമായിരുന്നുവെന്ന് അഭ്യാസ പ്രകടനങ്ങള്‍ക്ക് ശേഷം ബുര്‍ജ് ഖലീഫയുടെ 112ാം നിലയില്‍ നിന്ന് റെഫെറ്റ് വ്യക്തമാക്കി. എക്‌സ്ട്രീം സ്‌പോട്‌സ് പ്രമോട്ടറായ എക്‌സ് ദുബൈയുടെ എം ഡി ഇസ്മായീല്‍ അല്‍ ഹാശിമിയുടെ പിന്തുണയോടെയായിരുന്നു ഇരുവരും അഭ്യാസങ്ങളുമായി ആകാശത്ത് നിറഞ്ഞുനിന്നത്. 15ാം വയസിലെ വിമാനത്തില്‍ നിന്നു അഭ്യാസങ്ങള്‍ക്കായി പുറത്തേക്ക് ചാടാറുണ്ടെന്ന് സ്‌കൈ ഡൈവറുടെ മകനായ റെഫെറ്റ് വെളിപ്പെടുത്തി. റോസിയുടെ സ്വപ്‌നമായിരുന്നു ഇത്തരത്തില്‍ ഒരു അഭ്യാസപ്രകടനമെന്ന് റെഫെറ്റ് പറഞ്ഞു.
റോസി ഇത്തരം ഒരു പദ്ധതിയോട് സഹകരിക്കുന്നോയെന്ന് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ പങ്കാളിയാവുകയായിരുന്നു. ഈ രംഗത്തെ ഏറെ പ്രതിഭയുള്ള ആളുമാണ് റോസി. പ്രായം ഇത്തരം കാര്യങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കില്ലെന്നും മനസ് ചെറുപ്പമായിരിക്കയാണ് വേണ്ടതെന്നും റെഫെറ്റ് അഭിപ്രായപ്പെട്ടു. ഫ്രഞ്ച് ജെറ്റ്മാന്‍ ഫ്രെഡ് ഫ്യൂഗനൊപ്പം ബുര്‍ജ് ഖലീഫയുടെ മുകള്‍ത്തട്ടില്‍ നിന്നു ചാടി അഭ്യാസം കാണിച്ച് റോസി ഗിന്നസ് ലോക റെക്കാര്‍ഡ് സൃഷ്ടിച്ചിരുന്നു.
828 മീറ്റര്‍ ഉയരത്തില്‍ നിന്നായിരുന്നു ഈ അഭ്യാസം. വിന്‍സ് അല്‍ഭുതപ്പെടുത്തുന്ന വ്യക്തിയാണെന്നും അയാളുടെ കഴിവില്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും അഭ്യാസങ്ങള്‍ക്ക് ശേഷം റോസി പ്രതികരിച്ചു.