Gulf
സംഘട്ടനങ്ങള്‍ പതിവു കാഴ്ച: ജനം ആശങ്കയില്‍

ഷാര്‍ജ: നഗരത്തിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ തുടരെത്തുടരെ നടക്കുന്ന സംഘട്ടനങ്ങള്‍ ജനങ്ങളില്‍ ആശങ്കയുളവാക്കുന്നു. റോളയുടെ പരിസര പ്രദേശങ്ങളിലാണ് സംഘട്ടനങ്ങള്‍ പതിവായിരിക്കുന്നത്. ഏഷ്യന്‍ രാജ്യക്കാരായ ചിലരാണ് പരസ്പരം സംഘട്ടനങ്ങളില്‍ ഏര്‍പെടുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ മുസല്ലയിലുണ്ടായ ഏറ്റുമുട്ടലുകള്‍ ജനങ്ങളെ പരിഭ്രാന്തരാക്കി. ഏഷ്യന്‍ രാജ്യക്കാരായ ചിലര്‍ ദീര്‍ഘനേരം തമ്മില്‍ കയ്യാങ്കളിയിലേര്‍പെടുകയായിരുന്നു. സംഭവത്തില്‍ ഏതാനും പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഒരാള്‍ മരിച്ചതായും പറയപ്പെടുന്നു.
രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്. തുടര്‍ച്ചയായി രണ്ടു ദിവസമാണ് സംഘട്ടനം. തലക്കാണ് രണ്ടുപേര്‍ക്കു പരുക്കേറ്റതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവര്‍ സഹായത്തിനഭ്യര്‍ഥിക്കുന്നുണ്ടായിരുന്നുവത്രെ. വിവരമറിഞ്ഞെത്തിയ പോലീസ് ഇവരെ ആശുപത്രിയിലെത്തിച്ചു. വിവിധ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് മുസല്ലയും പരിസരവുമെന്ന് പറയുന്നു. എമിറേറ്റിലെ പ്രധാന വാണിജ്യ കേന്ദ്രമാണിവിടം. ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശം കൂടിയാണ്. താമസക്കാരിലധികവും പ്രവാസികളാണ്. പ്രത്യേകിച്ച് ഏഷ്യന്‍ രാജ്യക്കാര്‍.
മദ്യ വില്‍പന, നെറ്റ് ഫോണ്‍, ബാലന്‍സ് വില്‍പന, വ്യാജമരുന്ന്, അശ്ലീല സി ഡി വില്‍പന തുടങ്ങി ഒട്ടേറെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇവിടം ചുറ്റിപറ്റി നടക്കുന്നതായി പരാതിയുയര്‍ന്നിരുന്നു. ഇതാകട്ടെ ജനങ്ങളുടെ സൈ്വര ജീവിതത്തിനു ഭീഷണിയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കയ്യാങ്കളികള്‍ നടക്കുന്നതെന്നാണ് ആക്ഷേപം. മുസല്ല പാര്‍ക്ക് നെറ്റ് ഫോണ്‍, ബാലന്‍സ് വില്‍പന തുടങ്ങിയവയുടെയും മറ്റും കേന്ദ്രമാണ്. ഇവിടെ തമ്മിലടി പതിവായിരുന്നു. അതുകൊണ്ടുതന്നെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. അടുത്തിടെ ഒരു യാത്രക്കാരനെ ആക്രമിച്ച് വിലപ്പെട്ട സാധനങ്ങള്‍ കവര്‍ന്നതായി പരാതിയുണ്ടായിരുന്നു.
മുസല്ലയോട് ചേര്‍ന്നുള്ള അല്‍ ഖുവൈര്‍ മാര്‍ക്കറ്റിലും ഇത്തരക്കാരുടെ ശല്യം രൂക്ഷമാണ്. പ്രധാന മാര്‍ക്കറ്റുകളിലൊന്നായ ഇവിടെ നടക്കുന്ന സംഘട്ടനങ്ങള്‍ വ്യാപാരികള്‍ക്കും പ്രയാസം സൃഷ്ടിക്കുകയാണ്. ചേരിതിരിഞ്ഞാണ് പലപ്പോഴും ഏറ്റുമുട്ടുന്നത്. കത്തിപോലുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നതായും പറയുന്നു. അടിക്കടി നടക്കുന്ന സംഘട്ടനങ്ങള്‍ വ്യാപാരത്തെ ബാധിക്കുന്നതായും കച്ചവടക്കാര്‍ പരാതിപ്പെടുന്നുണ്ട്.
റോളയുടെ മറ്റൊരു ഭാഗമായ ബംഗ്ലാദേ ബസാറിലും ഏറ്റുമുട്ടലുകള്‍ തുടര്‍ക്കഥയാണെന്ന് പരാതിയുണ്ട്. ഒരേ രാജ്യക്കാരായ ചിലര്‍ തന്നെയാണ് ഇവിടെ പലപ്പോഴും പരസ്പരം ഏറ്റുമുട്ടുന്നത്. അനധികൃത വ്യാപാരം പൊടിപൊടിക്കുന്ന സ്ഥലമാണിത്. വഴിവാണിഭമാണ് പ്രധാനമായും നടക്കുന്നത്. വസ്ത്രങ്ങള്‍, മത്സ്യം, പച്ചക്കറി എന്നിവ ഇവിടെ അനധികൃതമായി വില്‍പന നടത്തുന്നുണ്ട്. കുറഞ്ഞ വിലക്ക് ലഭിക്കുന്നതിനാല്‍ ആവശ്യക്കാരുടെ നല്ല തിരക്കാണ് ചില ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്. അവധി ദിവസങ്ങളില്‍ ജനത്തിരക്കുകാരണം കാലു കുത്താന്‍ പോലും സ്ഥലം ഉണ്ടാകാറില്ല. ഏറ്റവും കൂടുതല്‍ ജനം ഒത്തുകൂടുന്ന ഷാര്‍ജയിലെ കേന്ദ്രങ്ങളിലൊന്നാണ് ബംഗ്ലാ ബസാര്‍. അശ്ലീല സി ഡി വില്‍പനയും മറ്റും നിര്‍ബാധം നടക്കുന്നതായും വിവരമുണ്ട്.
നിസാര കാര്യങ്ങളെ ചൊല്ലി ഉടലെടുക്കുന്ന പ്രശ്‌നങ്ങളാണ് പലപ്പോഴും സംഘട്ടനങ്ങളില്‍ കലാശിക്കുന്നത്. അതുകൊണ്ടു തന്നെ ജനങ്ങള്‍ക്കു സ്വസ്ഥമായി സഞ്ചരിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ് ഈ ഭാഗങ്ങളിലുള്ളത്. അടുത്തിടെ റോളയില്‍ വ്യാജ മരുന്ന് വില്‍പന സംഘം ഖലീജ് ടൈംസ് ഫോട്ടോ ഗ്രാഫറെയും റിപ്പോര്‍ട്ടറെയും ആക്രമിച്ച സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വ്യാജ മരുന്ന് വില്‍പനയെ കുറിച്ചുള്ള വിവരം ശേഖരിക്കാനെത്തിയപ്പോഴാണ് ഇരുവരെയും ആക്രമിച്ചത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മരുന്നുവില്‍പന നിര്‍ബാധം തുടരുകയാണെന്ന് പരാതിയുണ്ട്.
സംഘട്ടനങ്ങള്‍ ജനങ്ങള്‍ക്കു മാത്രമല്ല രാജ്യത്തിനു തന്നെ കളങ്കമാണ് സൃഷ്ടിക്കുന്നത്. തൊഴില്‍ തേടിയെത്തിയവര്‍ തന്നെ പരസ്പരം ഏറ്റുമുട്ടി മറ്റുള്ളവരുടെ നിലനില്‍പ്പ് കൂടി അപകടത്തിലാക്കുന്ന സ്ഥിതിയാണ് വരുത്തിവെക്കുന്നതെന്ന് അഭിപ്രായമുണ്ട്.