Connect with us

Kerala

ബാറുകള്‍ പൂട്ടിയതോടെ സംസ്ഥാനത്ത് മദ്യ ഉപയോഗം കുറഞ്ഞതായി റിപ്പോര്‍ട്ട്‌

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ അടച്ചുപൂ ട്ടിയ ശേഷമുള്ള മദ്യവിതരണത്തില്‍ 2.69 കോടി ലിറ്ററിന്റെ കുറവുണ്ടായതായി പഠനം. 2012-13 സാമ്പത്തികവര്‍ഷത്തില്‍ സംസ്ഥാനത്താകെ 244.33 ലക്ഷം കെയ്‌സ് മദ്യം വിറ്റപ്പോള്‍ 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 240.67 ലക്ഷം കെയ്‌സ് മദ്യം മാത്രമാണ് വിറ്റത്.

വില്‍പ്പനയില്‍ ആറ് ശതമാനം കുറവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായിരിക്കുന്നത്. ബാറുകള്‍ അടച്ചുപൂട്ടിയശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മദ്യ വിതരണത്തിന്റെ നിരക്ക് ഇതിലും ഏറെ കുറയുമെന്നാണ് ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് “ആല്‍ക്കഹോള്‍ അറ്റ്‌ലസ് കേരള” യിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, മദ്യനയത്തിന്റെ ഭാഗമായി ബാറുകള്‍ അടച്ചുപൂട്ടിയശേഷം ബിയര്‍ വില്‍പ്പനയില്‍ 21 ശതമാനത്തിലധികം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മദ്യത്തിന് പകരമായി അധികപേരും ബിയര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതാണ് ബിയര്‍ വില്‍പ്പനയിലെ വന്‍ വര്‍ധനവിന് കാരണമായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മദ്യം ഉപയോഗിച്ച് തുടങ്ങുന്നവരുടെ പ്രായ പരിധിയില്‍ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്.
13 വയസ്സ് മുതല്‍ പലരും മദ്യം ഉപയോഗിച്ച് തുടങ്ങുന്നു. 2006 വരെ മദ്യം ഉപയോഗിച്ച് തുടങ്ങുന്നവരുടെ ഏറ്റവും കുറഞ്ഞ പ്രായം 19 വയസ്സായിരുന്നു. 1990ല്‍ 21 വയസ്സിനുതാഴെ മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം രണ്ട് ശതമാനവുമായിരുന്നു. 2000ല്‍ ഇത് 12 ശതമാനവും 2006ല്‍ 14ശതമാനവും 2010 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളില്‍ അത് 18 ശതമാനത്തില്‍ നിന്നും 20ശതമാനം വരെയായി വര്‍ധിച്ചെന്നും കണക്കുകള്‍ പറയുന്നു.
21വയസ്സിനും 30വയസ്സിനുമിടിയില്‍ മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 1990ല്‍നിന്ന് 2014 വരെ 34 ശതമാനം വര്‍ധനവാണ് ഇവരുടെ എണ്ണത്തില്‍ ഉണ്ടായത്. അതേസമയം, 2000 നും 2014നും ഇടക്ക് 31 -40 വയസ്സിനിടയിലുള്ളവരില്‍ മദ്യം ഉപയോഗിക്കുന്നതില്‍ നാല് ശതമാനത്തിന്റെ കുറവുണ്ടായി. 2000 ല്‍ മദ്യപിക്കുന്നവരുടെ എണ്ണം 36 ശതമാനം ആയിരുന്നത് 2014ല്‍ 32 ശതമാനമായി കുറഞ്ഞു. 41 -55 വയസ്സിനിടയില്‍ പ്രായമുള്ളവരിലും 56 വയസ്സിന് മുകളിലുള്ളവരിലും മദ്യത്തിന്റെ ഉപയോഗം കുറഞ്ഞതായി കണക്കുകള്‍ പറയുന്നു. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ 32,93,914 പേരാണ് മദ്യം ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 31 ശതമാനം പുരുഷന്മാരും മൂന്ന് ശതമാനം സ്ത്രീകളുമാണ്. ദിവസവും മദ്യപിക്കുന്നവര്‍ 6.5 ശതമാനമാണ്. മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്്. കണക്കുകള്‍ അനുസരിച്ചുള്ള മദ്യവില്‍പ്പന പോലെ തന്നെ കണക്കില്‍പെടാത്ത മദ്യവില്‍പ്പനയും മദ്യ ഉപയോഗവും കൂടുതാലാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
മിലിട്ടറി ക്വാട്ട, അനധികൃത മദ്യവില്‍പ്പന, വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന മദ്യത്തിന്റെ വില്‍പ്പന എന്നിവ കൂടിയാകുമ്പോള്‍ യാഥാര്‍ഥ കണുക്കുകളേക്കാള്‍ കേരളത്തില്‍ മദ്യം ഉപയോഗിക്കുവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest