Malappuram
ചെങ്കല്ല് വില വര്‍ധനക്ക് പിന്നില്‍ അധികൃതരുടെ ഒത്താശ

കോട്ടക്കല്‍: ചെങ്കല്ല് വില നിയന്ത്രണമില്ലാതെ വര്‍ധിപ്പിച്ചത് അധികൃതരുടെ മൗനത്തോടെ എന്നാക്ഷേപം. കഴിഞ്ഞ മാസമാണ് ചെങ്കല്ല് വില ക്വാറി ഉടമകള്‍ കുത്തനെ കൂട്ടിയത്.
ആറ് മുതല്‍ എട്ട് രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഇത് നിര്‍മാണ മേഖലയെ തളര്‍ത്തി. ഒപ്പം സാധാരണക്കാരന്റെ വീടെന്ന സ്വപ്‌നത്തിനും കനല്‍ വീഴ്ത്തി. നേരത്തെ 28-30 രൂപയായിരുന്നു വില. ഇപ്പോഴത് 35-38 എന്നീ നിലയിലേക്കാണ് ഉയര്‍ത്തിയത്. ജിയോളജി റോയല്‍റ്റി വര്‍ധിപ്പിച്ചെന്നാണ് കാരണം. 24 സെന്റിന് ജിയോളജി റോയല്‍റ്റി 75000 രൂപയായി വര്‍ധിപ്പിച്ചെന്നാണ് ക്വറി ഉടമകള്‍ വര്‍ധനക്കെതിരെ ഉയര്‍ത്തുന്ന ന്യായം. നേരത്തെ ഇത് പതിനായിരമായിരുന്നു. വില വര്‍ധന നിര്‍മാണ മേഖലയെ തളര്‍ത്തിയതോടെ കെട്ടിട നിര്‍മാതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
സമരമുറകള്‍ ഉള്‍പ്പെടെയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൊള്ള ലാഭമാണ് ഈ രംഗത്ത് ക്വാറി ഉടമകള്‍ നടത്തുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. പഞ്ചായത്ത്, നഗരസഭ തലങ്ങളില്‍ നടക്കുന്ന പാവപ്പെട്ടവരുടെ ഭവന പദ്ധതികളെയാണ് അമിത വില തളര്‍ത്തുന്നത്. ഒരു ലൈസന്‍സിന്റെ പേരില്‍ അനേകം അനധികൃത ക്വാറികള്‍ പ്രവര്‍ത്തിച്ചാണ് ഇത്തരത്തില്‍ ലാഭം കൊയ്യുന്നത്.
ഇതിന് അധികൃതര്‍ കൂട്ട് നില്‍ക്കുന്നുമുണ്ട്. പോലീസ്, ജിയോളജി വകുപ്പ് അധികൃതരെല്ലാം ക്വാറി ഉടമകളില്‍ നിന്നും മാസപ്പടി പറ്റിയാണ് ഇത്തരം അനധികൃത ക്വാറികളെ നിലനിര്‍ത്തുന്നത്. ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ വിവിധ വകുപ്പ് മേധാവികള്‍ ക്വാറി ഉടമകളുമായി കൈകോര്‍ത്താണ് വിലവര്‍ധിപ്പിക്കുന്നതെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു. നേരത്തെ ഉണ്ടായിരുന്ന കല്ലിന്റെ അളവുകള്‍ ഏറെ കുറച്ചാണ് ഇപ്പോള്‍ നല്‍കുന്നത്. 40 സെന്റീമീറ്റര്‍ നീളം ഉണ്ടായിരുന്ന കല്ല് ഇപ്പോള്‍ 23 സെന്റീമീറ്ററായി ചുരുക്കി.
ഗുണമേന്‍മയും കുറഞ്ഞു. എന്നിട്ടും വില കുത്തനെ കൂട്ടുന്ന നിലപാടാണ് ക്വാറി ഉടമകള്‍ക്ക്. വാഹനങ്ങള്‍ക്ക് പാകമാക്കിയാണ് ഇപ്പോള്‍ കല്ലുകള്‍ വെട്ടുന്നതെന്നും കെട്ടിട നിര്‍മാതാക്കള്‍ ആരോപിക്കുന്നു. നേരത്തെ ലോറികളില്‍ 170 കല്ലുകളായിരുന്നു കയറ്റിയിരുന്നത്. ഇപ്പോഴത് 220വരെ എത്തി. അശാസ്ത്രീയമായ ഇത്തരം വലിപ്പക്കുറവുകള്‍ കെട്ടിട തകര്‍ച്ചക്ക് കാരണമാകുകയാണ്. ഇതിനെതിരെയാണ് രംഗത്ത് വരേണ്ടതെന്നും ചെങ്കല്ലുകള്‍ക്ക് വില കുറക്കാന്‍ ക്വാറി ഉടമകള്‍ തയ്യാറായില്ലെങ്കില്‍ ചെങ്കല്‍ ലോറികള്‍ വഴിയില്‍ തടയുന്ന സമര പരിപാടികള്‍ ഉള്‍പ്പെടെ നടത്തുമെന്നും കെട്ടിട നിര്‍മാണ അസോസിയേഷന്‍ (സി എം എസ് എ ) ഭാരവാഹികളായ പി അലവി, വി അവറാന്‍കുട്ടി, എം പി അലവി, കെ സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.