Connect with us

Kerala

സോളാര്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ഉപയോഗിച്ചത് ബാര്‍ മുതലാളിമാരില്‍ നിന്ന് കിട്ടിയ പണം:കാനം രാജേന്ദ്രന്‍

Published

|

Last Updated

കൊച്ചി: സോളാര്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ഉപയോഗിച്ചത് ബാര്‍ മുതലാളിമാരില്‍ നിന്ന് കിട്ടിയ പണമാകാമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സോളാര്‍ അന്വേഷണ കമ്മീഷനു മുന്നില്‍ മൊഴി നല്‍കി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 42 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ എല്ലാ കേസുകളും പണം കൊടുത്ത് ഒതുക്കിതീര്‍ക്കുകയായിരുന്നു. സരിതക്ക് ഇത്രയും പണം ലഭിച്ചത് എവിടെ നിന്നാണെന്ന് അന്വേഷിക്കണം.
സോളാര്‍ കേസ് എന്നത് തട്ടിപ്പ് കേസ് മാത്രമല്ല, കേരളത്തിലെ ജനാധിപത്യ സംവിധാനത്തെയും ഭരണസിരാകേനത്തയും പിടിച്ചുകുലുക്കിയ കേസാണ്. ഏകദേശം പത്ത് കോടിയോളം രൂപ തട്ടിയെടുത്തതായാണ് മനസ്സിലാക്കുന്നത്. മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും ഉറപ്പ് കിട്ടിയതിന് ശേഷമാണ് പ്രതികള്‍ക്ക് പണംകൊടുത്തതെന്നാണ് തട്ടിപ്പിനിരയായവര്‍ പറയുന്നത്. അങ്ങനെയുള്ള പല കേസുകളും സരിത പോലിസ് കസ്റ്റഡിയിലിരിക്കുമ്പോള്‍ ഒതുക്കിതീര്‍ത്തിട്ടുണ്ട്. അവര്‍ക്ക് ആര് നഷ്ടപരിഹാം കൊടുത്തു എന്നത് അന്വേഷണ വിധേയമാക്കണം. ഭരണ-രാഷ്ട്രീയ മേഖലകളിലെ ഉന്നതരുടെ ഇടപെടല്‍ മൂലമാണ് കേസുകള്‍ ഒത്തുതീര്‍പ്പായത്. സരിതയോടൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചെന്നും മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സരിതയ്ക്ക് ബാക്കി പണം നല്‍കിയതെന്നുമാണ് ശ്രീധരന്‍ നായര്‍ പറഞ്ഞത്. അതുകൊണ്ട് മുഖ്യമന്ത്രിയെ കമ്മീന്‍ വിളിച്ചുവരുത്തി മൊഴിയെടുക്കണം. സരിതയില്‍ നിന്നും പിടിച്ചെടുത്ത സി.ഡിയെ കുറിച്ചറിയാന്‍ പ്രത്യേക അന്വേഷണ സംഘത്തലവനെയും കമ്മീഷന്‍ വിളിച്ചുവരുത്തണമെന്നും കാനം ആവശ്യപ്പെട്ടു.
ശ്രീധരന്‍ നായരും സരിതയും മുഖ്യമന്ത്രിയെ കാണുമ്പോള്‍ അവിടെയുണ്ടായിരുന്നുവെന്ന് സെല്‍വരാജ് എം എല്‍ എ മാധ്യമ പ്രവര്‍ത്തകനായ ജോണ്‍ മേരിയോട് പറഞ്ഞിരുന്നു. ഇത് വാര്‍ത്തയായി പത്രം നല്‍കിയപ്പോള്‍ അതിനെതിരെ സെല്‍വരാജ് നിഷേധക്കുറിപ്പ് ഇറക്കി. ഇതിനു മറുപടിയായി സെല്‍വരാജിന്റെ ശബ്ദരേഖ തന്റെ കയ്യിലുïെന്നാണ് ലേഖകന്‍ തന്റെ മാധ്യമത്തിലൂടെ വിശദീകരിച്ചത്. ഈ ശബ്ദരേഖ കമ്മീഷന്‍ പിടിച്ചെടുക്കണം.
സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ജീവനക്കാരുമാണ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. ജീവനക്കാരില്‍ ചിലര്‍ കേസുകളില്‍ പ്രതികളുമായിട്ടുണ്ട്. എന്നാല്‍ തനിക്കെതിരേയുള്ള എല്ലാ വെളിപ്പെടുത്തലുകളും മുഖ്യമന്ത്രി നിഷേധിക്കുകയാണ്. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ അനര്‍ട്ടിനെ മറികടന്നാണ് സ്വകാര്യ സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്. ടീംസോളാറിനെ ശുപാര്‍ശ ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്. പാരമ്പര്യേതര ഊര്‍ജ്ജമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുല്ലയ്ക്കും സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. കത്തുകള്‍ വ്യാജമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഇത്തരം കത്തുകള്‍ക്കെതിരെ ഒരു കേസുപോലും എടുത്തിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശമുള്ള സരിതയുടെ കമ്പ്യൂട്ടര്‍ പരിശോധിക്കണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest