Kerala
ബിജുരമേശിന്റെ ഡ്രൈവറെ നുണപരിശോധന നടത്താന്‍ അനുമതി

തിരുവനന്തപുരം: മന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനക്ക് വിധേയനാക്കാന്‍ കോടതി വിജിലന്‍സിന് അനുമതി നല്‍കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. അതേ സമയം, മന്ത്രി കെ ബാബുവിന് അമ്പത് ലക്ഷം രൂപ കോഴ കൈമാറുന്നത് കണ്ടുവെന്ന് വെളിപ്പെടുത്തിയ മുഹമ്മദ് റസീഫിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
കെ ബാബുവിന്റെ സാന്നിധ്യത്തില്‍ ബിജുരമേശ് കോഴപ്പണം പ്രൈവറ്റ് സെക്രട്ടറി സുരേഷിനെ ഏല്‍പ്പിക്കുന്നത് കണ്ടുവെന്നാണ് മുഹമ്മദ് റസീഫിന്റെ വെളിപ്പെടുത്തല്‍.
ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനക്ക് വിധേയനാക്കണമെന്ന് കോടതിയില്‍ വിജിലന്‍സ് അപേക്ഷ നല്‍കിയിരുന്നതിനെ തുടര്‍ന്ന് നിലപാടറിയിക്കാന്‍ തിങ്കളാഴ്ച ഹാജരാകാന്‍ കോടതി അമ്പിളിയോടാവശ്യപ്പെട്ടിരുന്നു. ഇന്നലെ കോടതിയിലെത്തിയ അമ്പിളി നുണപരിശോധനക്ക് തയാറാണെന്ന് കോടതിയില്‍ അറിയിച്ചു.
ഇതേത്തുടര്‍ന്നാണ് നുണപരിശോധനക്ക് കോടതി വിജിലന്‍സിന് അനുമതി നല്‍കിയത്. ഫോറന്‍സിക് വകുപ്പുമായി ആലോചിച്ച് നുണപരിശോധനാ തീയതി തീരുമാനിക്കാനും മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനും കോടതിയിലുണ്ടായിരുന്ന വിജിലന്‍സ് എസ് പി. ആര്‍ സുകേശന് കോടതി നിര്‍േദശം നല്‍കി.
തീയതി തീരുമാനിച്ച് അമ്പിളിയെ അറിയിക്കും. അതേസമയം, നുണപരിശോധനയില്‍ നിന്ന് താന്‍ ഒഴിഞ്ഞു മാറില്ലെന്ന് അമ്പിളി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മൊഴി സത്യസന്ധമാണെന്നും നുണപരിശോധനയില്‍ തെളിയുമെന്നും അമ്പിളി പറഞ്ഞു.