ജീവകാരുണ്യം: ഡോ. ഷംസീറിനെ ഐക്യരാഷ്ട്രസഭ ആദരിച്ചു

Posted on: May 11, 2015 7:48 pm | Last updated: May 11, 2015 at 7:48 pm
UN Award to Dr Shamsheer Vayalil
ഡോ. ഷംസീര്‍ വയലിനെ ഐക്യരാഷ്ട്രസഭ ആദരിച്ചപ്പോള്‍

ദുബൈ: വി പി എസ് ഹെല്‍ത് കെയറിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംസീര്‍ വയലിലിനെ ഐക്യരാഷ്ട്രസഭ (യു എന്‍ ) ആദരിച്ചു. ജീവകാരുണ്യ മേഖലയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് വെച്ച്, ഈ രാജ്യാന്തര പുരസ്‌കാരം നല്‍കി ആദരിച്ചത്. ഐക്യരാഷ്ട്രസഭക്കു വേണ്ടി 100 സൗജന്യ ഹൃദയശസ്ത്രക്രിയകള്‍ നല്‍കുമെന്ന് ഡോ. ഷംസീര്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു.
ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഈ രാജ്യാന്തര പുരസ്‌കാരം നല്‍കി ഡോക്ടര്‍ ഷംസീറിനെ ആദരിച്ചത്. ജീവകാരുണ്യ മേഖലയിലും ആരോഗ്യ മേഖലയിലും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചായിരുന്നു ഈ ആദരവ്. യുഎന്നിലെ, യു എ ഇയുടെ സ്ഥിരം പ്രതിനിധിയും അംബാസിഡറുമായ ലനാസ് നുസീബ ഡോ. ഷംസീറിന് ഉപഹാരം സമ്മാനിച്ചു. ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച്, കൂടുതല്‍ മികച്ച പദ്ധതികള്‍ ചെയ്യുമെന്ന് ഡോ. ഷംഷീര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇതിന്റെ തുടക്കമായും ഈ രാജ്യാന്തര പുരസ്‌കാരത്തിലുള്ള സന്തോഷമായും ആഫ്രിക്കന്‍ യൂണിയനില്‍ 100 സൗജന്യ ഹൃദയശസ്ത്രക്രിയകള്‍ സൗജന്യമായി നടത്തുമെന്ന് ഡോ. ഷംസീര്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ടിമോര്‍ ലെസ്റ്റെയുടെ പ്രസിഡണ്ടും പ്രധാനമന്ത്രിയും ആയിരുന്ന ജോസ് റമോസ് ഹോര്‍ട ചടങ്ങില്‍ മുഖ്യാതിഥിയായി. അഭിമാനകരമായ ഒരു അംഗീകരാമായി താന്‍ ഇതിനെ കാണുന്നവെന്ന് യു എന്നിന്റെ പ്രത്യേക പ്രതിനിധി കൂടിയായ ജോസ് റമോസ് പറഞ്ഞു.
ആഫ്രിക്കന്‍ യൂണിയന്റെ, യു എന്നിലെ സ്ഥിരം നിരീക്ഷകനും അംബാസിഡറുമായ ടീടി അന്റോണിയ, റിപബ്ലിക്ക് ഓഫ് ബെന്നിന്‍ അംബാസിഡര്‍ ജീന്‍ ഫ്രാന്‍സിസ്, സംഘാടകരായ ഗ്‌ളോബല്‍ പാര്‍ട്ണര്‍ഷിപ്പ്‌സ് ഫോറം ചെയര്‍മാന്‍ അമിര്‍ ദോസാല്‍, യുഎന്നിലെ പാര്‍ട്ടര്‍ഷിപ്പ്‌സ് ഓഫീസ് മേധാവി ലൂസി ബ്രിഗാം, വിവിധ രാജ്യങ്ങളിലെ യുഎന്‍ പ്രതിനിധികള്‍, ഐക്യരാഷ്ട്ര സഭയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ കമ്പനി മേധാവികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.