Business
ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിലേക്ക്

വന്‍ ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി പ്രതിവാര നേട്ടത്തിലേക്ക് തിരിഞ്ഞു. യു എസ് യൂറോപ്യന്‍ വിപണികളില്‍ നിന്നുള്ള അനുകൂല വാര്‍ത്തകള്‍ വിദേശ ഫണ്ടുകളെ വാരാന്ത്യം ഷോട്ട് കവറിംഗിന് പ്രേരിപ്പിച്ചതാണ് ബോംബെ സെന്‍സെക്‌സിനെ 27,000 ന് മുകളിലെത്തിച്ചു. സൂചിക 94 പോയിന്റും നിഫ്റ്റി 100 പോയിന്റും പ്രതിവാര നേട്ടം കൈവരിച്ചു. എഫ് എം സി ജി, ഐ റ്റി, സ്റ്റീല്‍ ഇന്‍ഡക്‌സുകള്‍ മികവ് നേടി.
ബി എസ് ഇ സൂചിക 27,200 ല്‍ നിന്ന് 27,600 വരെ കയറിയ ഘട്ടത്തിലാണ് വിദേശ ഫണ്ടുകള്‍ വില്‍പ്പനക്കാരുടെ മേലങ്കി അണിഞ്ഞത്. കനത്ത വില്‍പ്പനക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ 2015 ലെ ഏറ്റവും താഴ്ന്ന നിലവാരമായ 26,423 ലേക്ക് സൂചിക ഒരു വേള ഇടിഞ്ഞു.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഉയര്‍ന്ന നിലവാരമായ 8355 ല്‍ നിന്ന് 8000 പോയിന്റെിലെ താങ്ങും തകര്‍ത്ത് വാരമധ്യം 7,997 ലേക്ക് ഇടിഞ്ഞു. അതേസമയം വാരാന്ത്യം ഫണ്ടുകള്‍ ലാഭമെടുപ്പിന് രംഗത്ത് ഇറങ്ങിയതോടെ നിഫ്റ്റി 8191 ലേക്ക് തിരിച്ചു വരവ് നടത്തി. സൂചികക്ക് 200 ദിവസങ്ങളിലെ ശരാശരിയായ 8307 ല്‍ ഈവാരം തടസ്സം നേരിടാം. ഈ പ്രതിരോധം തകര്‍ത്താല്‍ സൂചിക 8365-8539 പോയിന്റിലേക്ക് തിരിയാം. അതേ സമയം 8007 ലെ താങ്ങ് നഷ്ടപ്പെട്ടാല്‍ 7649 റേഞ്ചിലേക്ക് സൂചിക തിരിയാം.
ഇന്‍ഫോസീസ്, വിപ്രോ, റ്റി സി എസ്, ഐ റ്റി സി, ഹിന്‍ഡാല്‍ക്കോ, ടാറ്റാ സ്റ്റീല്‍, ആര്‍ ഐ എല്‍, ഒ എന്‍ ജി സി, എയര്‍ ടെല്‍ ഓഹരികള്‍ ശ്രദ്ധിക്കപ്പെട്ടു. ബജാജ് ഓട്ടോ ഓഹരി വില ഒമ്പത് ശതമാനം ഉയര്‍ന്നു. ഐ സി ഐ സി ഐ, എസ് ബി ഐ തുടങ്ങിയ മുന്‍ നിര ബാങ്കിംഗ് ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു.
വാരാന്ത്യത്തിലെ വിപണിയുടെ തിരിച്ചു വരവിന്റെ കരുത്തില്‍ മുന്‍ നിരയിലെ എട്ടു കമ്പനികളുടെ വിപണി മൂല്യത്തില്‍ 47,491 രൂപയുടെ വര്‍ധന. റ്റി സി എസിന്റെ മൂല്യത്തില്‍ 12,545 കോടി രൂപ ഉയര്‍ന്നു. എച്ച് യു എല്‍, ഒ എന്‍ ജി സി, ആര്‍ ഐ എല്‍, ഇന്‍ഫോസീസ്, കോള്‍ ഇന്ത്യ തുടങ്ങിയവ എല്ലാം കരുത്തുനേടി.
രൂപ വിറ്റ് ഡോളര്‍ ശേഖരിക്കാന്‍ വിനിമയ വിപണിയില്‍ ഓപ്പറേറ്റര്‍മാര്‍ മത്സരിച്ചതോടെ രൂപയുടെ മൂല്യം 20 മാസങ്ങളിലെ താഴ്ന്ന നിലവാരമായ 64.34 ലേക്ക് ഇടിഞ്ഞു. വാരാന്ത്യം രൂപയുടെ മൂല്യം 63.71 ലാണ്.
യു എസ് തൊഴില്‍ മേഖലയില്‍ നിന്നുള്ള അനുകൂല വാര്‍ത്തകളും ബ്രിട്ടനിലെ തിരഞ്ഞടുപ്പ് ഫലവും യുറോപ്യന്‍ ഓഹരി വിപണികള്‍ക്ക് നേട്ടമായി. അമേരിക്കയില്‍ ഡൗ ജോണ്‍സ് സൂചിക ക്ലോസിംഗ് നടക്കുമ്പോള്‍ 18,191 ലാണ്. നാസ്ഡാക്, എസ് ആന്‍ഡ് പി ഇന്‍ഡക്‌സുകളും തിളങ്ങി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1187 ഡോളറിലും ക്രൂഡ് ഓയില്‍ വീപ്പക്ക് 59 ഡോളറിലുമാണ്.