പാലക്കാട്ട് നികത്തിയത് 16,000 കുളങ്ങള്‍

Posted on: May 11, 2015 5:11 am | Last updated: May 10, 2015 at 11:11 pm

പാലക്കാട്: നെല്ലറയായ പാലക്കാട്ട് 20 വര്‍ഷത്തിനിടെ നികത്തിയത് 16,000 കുളങ്ങള്‍. ഇതില്‍ അരയേക്കറില്‍ താഴെയുള്ളവ 11,000. മുകളിലുള്ളവ 5,068. മുപ്പത് വര്‍ഷത്തോളം കൃഷിഓഫീസറായിരുന്ന ശിവശങ്കരന്‍ ആചാരി ഔദ്യോഗിക കാലത്തും തുടര്‍ന്നും നടത്തിയ പഠനത്തിലാണ് നികത്തപ്പെട്ട കുളങ്ങളുടെ വിവരങ്ങള്‍ കണ്ടെത്തിയത്. ഇപ്പോള്‍ നെല്‍ക്കര്‍ഷക സംയുക്ത മുന്നണിയുടെ ജില്ലാ സെക്രട്ടറിയാണ് ആചാരി. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 1,500 കുളം നികത്തിയതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജില്ലയില്‍ കുളങ്ങളുടെ എണ്ണം 24,500 ആയിരുന്നു. ഇക്കൊല്ലം മാര്‍ച്ചില്‍ ഇത് 23,800 ആണ്. ഇവയില്‍ 800 എണ്ണം നബാര്‍ഡിന്റെ തുകയുപയോഗിച്ച് നിര്‍മിച്ചതാണ്. ഇപ്പോള്‍ അവശേഷിക്കുന്ന 23,800 കുളങ്ങളില്‍ 15,000 എണ്ണം സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നന്നാക്കിയവയാണ്.