Books
രഞ്ജിത്തിന്റെ നോവല്‍ ശ്രദ്ധേയമാകുന്നു

അബുദാബി: ഗള്‍ഫ് ന്യൂസ് ദിനപത്രത്തിലെ മലയാളീ മാധ്യമ പ്രവര്‍ത്തകനായ രഞ്ജിത് വാസുദേവന്റെ നോവല്‍ ശ്രദ്ധേയമാകുന്നു. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ വികസനപ്രശ്‌നങ്ങള്‍ ആധാരമാക്കിയാണ് നോവല്‍. അബൂദാബി പുസ്തകോല്‍സവത്തില്‍ വില്‍പനക്കുണ്ട്.
തൃശൂര്‍ കണ്ടശ്ശാങ്കടവ് സ്വദേശി രഞ്ജിത് വാസുദേവന്റെ ആദ്യ നോവലാണ് ഗ്രാമവാതില്‍. എണ്‍പതുകളിലെ കേരളീയ ഗ്രാമീണ ജീവിതത്തെ പശ്ചാത്തലമാക്കി എഴുതിയ നോവല്‍ പക്ഷെ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു.
രഞ്ജിത്തിന്റെ സ്വന്തം ദേശമായ തൃശൂര്‍ ജില്ലയിലെ മണലൂര്‍ ഗ്രാമപഞ്ചായത്താണ് നോവലില്‍ നിറയുന്നത്. പട്ടാളത്തില്‍ നിന്ന് വിരമിച്ച് നാട്ടിലെത്തി പഞ്ചായത്തിന്റെ സാരഥ്യം ഏറ്റെടുക്കുന്ന മേജര്‍ വിശ്വനാഥന്‍ എന്ന നായക കഥാപാത്രം നാട്ടിലുണ്ടാക്കുന്ന മാറ്റങ്ങള്‍, ചില വികസന മാതൃകകള്‍ വരച്ചിടുന്നു. 15 വര്‍ഷമായി ഗള്‍ഫ് ന്യൂസിലെ എഡിറ്റോറിയല്‍ ജീവനക്കാരനായി ദുബൈയില്‍ കഴിയുന്ന രഞ്ജിത്ത് വാസുദേവന്‍, പ്രവാസത്തിനിടയിലും നെഞ്ചോടുചേര്‍ത്തു വെച്ച നാടിന്റെ കഥയാണിത്. ഗള്‍ഫ് ന്യൂസ് എഡിറ്റര്‍ അബ്ദുല്‍ ഹാമിദ് അഹമ്മദ് ഉള്‍പ്പടെയുള്ള സഹപ്രവര്‍ത്തകരുടെ വലിയ പിന്തുണയാണ് നോവല്‍ യാഥാര്‍ത്ഥ്യമാക്കിയതെന്ന് ഇദ്ദേഹം പറഞ്ഞു. താനെഴുതിയ ചെറുകഥകള്‍ കൂടി പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണ് രഞ്ജിത്തിപ്പോള്‍.