ജീവിതശൈലിയിലുണ്ടായ മാറ്റങ്ങള്‍ ചര്‍മരോഗങ്ങള്‍ക്കിടയാക്കുന്നു

Posted on: May 10, 2015 6:00 am | Last updated: May 10, 2015 at 12:01 am

skin problemsകണ്ണൂര്‍: ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങള്‍ ചര്‍മരോഗങ്ങള്‍ക്കും ഇടയാക്കുന്നതായി കണ്ണൂരില്‍ നടക്കുന്ന ചര്‍മ രോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം ക്യുട്ടിക്കോണ്‍ കേരള ചൂണ്ടിക്കാട്ടി. ഒരുകാലത്ത് കൗമാരക്കാരില്‍ മാത്രം കണ്ടുവന്നിരുന്ന മുഖക്കുരു ഇന്ന് മധ്യവയസ്‌കരിലും കണ്ടു തുടങ്ങിയിരിക്കുന്നു. ഇതിനു പ്രധാന കാരണം കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ നമ്മുടെ ഭക്ഷണ രീതികളിലുണ്ടായ മാറ്റവും അതുവഴി ഹോര്‍മോണ്‍ വ്യവസ്ഥക്കുണ്ടായ വ്യതിയാനവുമാണെന്നു സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ അഭിപ്രായപ്പെട്ടു.

സോറിയാസിസ് ഇന്ന് ജീവിതശൈലി രോഗത്തിന്റെ പട്ടികയിലാണ് ഉള്‍പ്പെടുന്നത്. സോറിയോസിസ് പൂര്‍ണമായും സുഖപ്പെടാനുള്ള സാധ്യതയില്ല. രോഗത്തെ നിയന്ത്രണ വിധേയമാക്കി മുന്നോട്ടു പോകാന്‍ മാത്രമേ കഴിയൂ. രോഗം പൂര്‍ണമായും മാറ്റുമെന്ന് അവകാശപ്പെടുന്ന ചിലര്‍ മനുഷ്യന്റെ പ്രതീക്ഷയെ ചൂഷണം ചെയ്യുകയാണ്. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങള്‍ ചര്‍മങ്ങളില്‍ വേഗം പ്രതിഫലിക്കും. എന്നാല്‍ പലപ്പോഴും ഇക്കാര്യം ആരും ശ്രദ്ധിക്കാതെ പോവുകയാണ്.

ചര്‍മകാന്തി, ഫെയര്‍നെസ് എന്നിവക്കുള്ള ക്രീമുകളാണെന്ന പേരില്‍ ലഭിക്കുന്ന ഉത്പന്നങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ തോന്നിയതുപോലെ ഉപയോഗിക്കുന്നത് ചര്‍മങ്ങള്‍ക്ക് ഗുണത്തെക്കാളേറെ ദോഷം സൃഷ്ടിക്കും. ഗുണനിലവാരമില്ലാത്തതും സ്റ്റിറോയിഡുകള്‍ കലര്‍ന്നതുമായ ക്രീമുകളും ഇക്കൂട്ടത്തിലുണ്ട്. സ്‌കിന്‍ സ്‌പെഷ്യലിസ്റ്റുകളുടെ നിര്‍ദേശമില്ലാതെ മരുന്നുകള്‍ ഉപയോഗിക്കുന്നതു ശരിയല്ല. ഒരാള്‍ക്ക് ചര്‍മരോഗ വിദഗ്ധന്‍ നിര്‍ദേശിച്ച മരുന്നുകള്‍ ഒരു പരിശോധനയും നടത്താതെ മറ്റൊരാള്‍ ഉപയോഗിക്കുന്നത് ദോഷം ചെയ്യും. ഓരോ വ്യക്തിയുടെയും ചര്‍മം വ്യത്യസ്തമാണ്.

അതുകൊണ്ടുതന്നെ ഒരേ ഔഷധം തന്നെ എല്ലാവരിലും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നില്ലെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. അഖിലേന്ത്യാ പ്രസിഡന്റ് ഡോ. വെങ്കിട്ടറാം മൈസൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. കേണല്‍ പവിത്രന്‍ അധ്യക്ഷത വഹിച്ചു. ഡോ. കുരിയിപ്പ്, ഡോ. രഘുനാഥ് റെഡ്ഡി, ഡോ. എസ് രാജീവ്, ഡോ. ബേബി സ്റ്റീഫന്‍ പ്രസംഗിച്ചു.

സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ബെംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിലെ ഡോ. അനില്‍ ഏബ്രഹാം, ഡോ. കെ പവിത്രന്‍ ‘ജീവിതശൈലിയുമായി ബന്ധപ്പെട്ട ചര്‍മരോഗങ്ങള്‍’ എന്ന വിഷയത്തില്‍ ക്ലാസ് നയിക്കും.