International
പ്രവചനങ്ങള്‍ കാറ്റില്‍ പറത്തിയ ഫലം

ലണ്ടന്‍: തൂക്കുസഭയാണ് എല്ലാവരും പ്രവചിച്ചത്. വോട്ടെടുപ്പിന്റെ നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ മുമ്പ് ബി ബി സി പുറത്തുവിട്ട പ്രവചനത്തിലും അത് തന്നെയാണ് മുന്നോട്ട് വെച്ചത്. 326 എന്ന മാന്ത്രിക സംഖ്യയില്‍ ആരുമെത്തില്ല.
അപ്പോള്‍ സഖ്യങ്ങള്‍ എങ്ങനെയൊക്കെയാകുമെന്നും പ്രവചനങ്ങള്‍ വന്നു. കുടിയേറ്റ വിരുദ്ധതയും ഫാസിസ്റ്റ് പ്രണതകളുമുള്ള യുനൈറ്റഡ് കിംഗ്ഡം ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടിയുമായി ഡേവിഡ് കാമറൂണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സഖ്യത്തിലാകുമെന്ന് ചിലര്‍ പ്രവചിച്ചു. മുന്‍ സഖ്യകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റുകള്‍ തോറ്റമ്പുമെന്ന് പ്രവചനം വന്നതിനാല്‍ അവരെ “സഖ്യ ചര്‍ച്ച”യില്‍ ഉള്‍പ്പെടുത്തിയില്ല. ലേബര്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് പോലും കാമറൂണ്‍ ഭരിച്ചേക്കുമെന്ന് പ്രവചിക്കപ്പെട്ടു. 1974ല്‍ ഹരോള്‍ഡ് വില്‍സണ്‍ രൂപവത്കരിച്ച പോലെ ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും പ്രവചനം വന്നു. എന്നാല്‍, എല്ലാ പ്രവചനങ്ങളെയും അപ്രസക്തമാക്കുന്ന ഫലമാണ് ബ്രിട്ടീഷ് പാര്‍ലിമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. യു കെ ഐ പി ഒറ്റ സീറ്റില്‍ ഒതുങ്ങി. സ്‌കോട്ടിഷ് നാഷനലിസ്റ്റ് പാര്‍ട്ടിയുടെ കുതിപ്പിനിടെ ലേബര്‍ പാര്‍ട്ടിക്ക് അടിപതറി. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് വന്‍ തിരിച്ചടിയുണ്ടായി.
ഒടുവില്‍ നേരിയ ഭൂരിപക്ഷത്തിനെങ്കിലും കാമറൂണ്‍ തിരിച്ചെത്തുമ്പോള്‍ യൂറോപ്യന്‍ യൂനിയന്‍ സംവിധാനം പരുക്കില്ലാതെ നിലനില്‍ക്കാന്‍ പോകുന്നുവെന്ന് വേണം വിലയിരുത്താന്‍. ലേബറുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാറായിരുന്നുവെങ്കില്‍ യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടന്‍ തുടരണമോയെന്ന കാര്യത്തില്‍ സംവാദങ്ങള്‍ നടക്കുമായിരുന്നു. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കാന്‍ കാമറൂണ്‍ ഇനി മുതിരും. കുടിയേറ്റക്കാര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെയുള്ള അദ്ദേഹത്തിന്റെ നിലപാട് കൂടുതല്‍ കടുത്തതാകുകയും ചെയ്യും. ചെലവ് ചുരുക്കല്‍ നയവും സാമൂഹിക ക്ഷേമ പദ്ധതികളില്‍ നിന്ന് സര്‍ക്കാറിന്റെ പിന്‍മാറ്റവും കൂടുതല്‍ മാരകമായി തുടരും. അമേരിക്കയുമായുള്ള ബാന്ധവം അടക്കമുള്ള വിദേശനയത്തിലും കൂടുതല്‍ വലതുപക്ഷവത്കരണം നടക്കും. എന്നാല്‍ കാമറൂണിനെ കുഴക്കാന്‍ പോകുന്നത് സ്‌കോട്ട്‌ലാന്‍ഡ് ആയിരിക്കും. അവിടെ നിന്ന് ഉയരുന്ന സ്വാതന്ത്ര്യ മുറവിളികളെ അദ്ദേഹം എങ്ങനെ അഭിമുഖീകരിക്കുമെന്നതായിരിക്കും വരും ദിവസങ്ങളിലെ ചോദ്യം.