National
രാമന്‍ ജനിച്ചത് അയോധ്യയിലല്ലെന്ന് പഠനം

ന്യൂഡല്‍ഹി: രാമന്‍ ജനിച്ചുവെന്ന് പറയപ്പെടുന്ന സ്ഥലം ഉത്തര്‍ പ്രദേശിലെ അയോധ്യയിലാകാന്‍ ഒരു സാധ്യതയുമില്ലെന്ന് പഠനം. അയോധ്യയില്‍ ബി സി ഏഴാം നൂറ്റാണ്ടില്‍ മാത്രമാണ് ജനവാസം തുടങ്ങിയതെന്നും എന്നാല്‍ രാമന്‍ ജീവിച്ചുവെന്ന് കരുതപ്പെടുന്നത് 18 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നും ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹീം ഖുറൈശി എഴുതിയ പുസ്തകത്തില്‍ പറയുന്നു. പുരാണങ്ങളിലും പുരാതന ലിഖിതങ്ങളിലും ഉള്ള തെളിവുകള്‍ കണക്കിലടുക്കുമ്പോള്‍ അയോധ്യാ നഗരം പാക്കിസ്ഥാനിലെ ദേരാ ഇസ്മാഈല്‍ ഖാന്‍ ജില്ലയിലാകാനാണ് സാധ്യതയെന്നും ഫാക്ട്‌സ് ഓഫ് അയോധ്യ എപ്പിസോഡ് എന്ന പുസ്തകത്തില്‍ പറയുന്നു.
ജസ്സു രാം അടക്കമുള്ള പുരാവസ്തു ശാസ്ത്രജ്ഞരും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഗവേഷകരുമെല്ലാം മുന്നോട്ട് വെക്കുന്നത് ഈ നിലപാടാണ്. രണ്ട് അയോധ്യകള്‍ ഉണ്ടായിരുന്നുവെന്ന് അവര്‍ പറയുന്നു. ഒന്ന് രഘു രാജാവ്(രാമന്റെ പ്രപിതാമഹന്‍) പണികഴിപ്പിച്ച അയോധ്യ. മറ്റൊന്ന് രാമന്‍ സ്വയം പണികഴിപ്പിച്ചത്. ഇവ രണ്ടും പാക്കിസ്ഥാനിലെ ദേരാ ഇസ്മാഈല്‍ ഖാന്‍ ജില്ലയിലാണെന്ന് നിഗമനമാണ് ജസ്സു രാമന്റെ ആന്‍ഷ്യന്റ് ജിയോഗ്രഫി ഓഫ് രാമായണയില്‍ ഉള്ളതെന്ന് ഖുറൈശി ചൂണ്ടിക്കാട്ടുന്നു. യു പിയുലെ ഫൈസാബാദിലുള്ള അയോധ്യ ബി സി ഏഴാം നൂറ്റാണ്ടില്‍ അറിയിപ്പെട്ടിരുന്നത് സാകേത് എന്നായിരുന്നുവെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു. ബാബരി മസ്ജിദ് ധ്വംസന കേസില്‍ നിയമം പോരാട്ടം നടത്താന്‍ പേഴ്‌സണല്‍ ലോ ബോര്‍ഡ് രൂപവത്കരിച്ച കമ്മിറ്റിയില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നയാളാണ് ഖുറൈശി. പതിനൊന്നാം നൂറ്റാണ്ടില്‍ സാകേതില്‍ താമസമാക്കിയ ഹിന്ദുക്കളായിരിക്കാം ഈ പട്ടണത്തിന് അയോധ്യയെന്ന് പേര് നല്‍കിയത്. രാമ കഥയിലെ സ്ഥല നാമങ്ങള്‍ സമീപ പ്രദേശങ്ങള്‍ക്ക് ലഭിച്ചതും അങ്ങനെയാകാനാണ് സാധ്യത. ഫൈസാബാദിലെ അയോധ്യ രാമജന്മഭൂമിയാണെങ്കില്‍ 1574 ല്‍ തുളസീ ദാസ് രചിച്ച രാമായണത്തില്‍ അത് പറയേണ്ടതല്ലേ എന്ന് ഖുറൈശി ചോദിക്കുന്നു. അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്താണ് തുളസീദാസ് രാമായണം രചിച്ചത്. ക്ഷേത്രം പൊളിച്ച് ബാബരി മസ്ജിദ് നിര്‍മിച്ചതാണെങ്കില്‍ തുളസീ ദാസ് അത് സൂചിപ്പിക്കാതിരിക്കില്ലെന്നും പുസ്തകത്തില്‍ പറയുന്നു.
ബാബരി മസ്ജിദ് കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെ പേഴ്‌സണല്‍ ലോ ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പുസ്തകത്തില്‍ വിവരിക്കുന്ന തെളിവുകളെല്ലാം കോടതിക്ക് മുമ്പോകെ വെക്കുമെന്ന് ഖുറൈശി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 82കാരനായ ഖുറൈശിയുടെ പുസ്തകത്തിന്റെ ഉറുദു പതിപ്പ് ഇതിനകം പുസ്തകശാലകളില്‍ എത്തിയിട്ടുണ്ട്. വന്‍ വില്‍പ്പനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലീഷ് പതിപ്പ് ഉടന്‍ പുറത്തിറങ്ങും.
ബനാറസ് ഹിന്ദു സര്‍വകലാശാലയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും നടത്തിയ പര്യവേക്ഷണങ്ങളില്‍ നിന്നൊന്നും അവിടെ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവ് ലഭിച്ചിട്ടില്ല. മസ്ജിദ് പണിതപ്പോള്‍ ഹിന്ദുക്കള്‍ എതിര്‍ത്തിട്ടുമില്ലെന്ന് ഖുറൈശി ചൂണ്ടിക്കാട്ടുന്നു.