‘പീഡനം സഹിക്കാന്‍ പറ്റാഞ്ഞിട്ടാണ്… അമ്മ ക്ഷമിക്കണം’ അപര്‍ണയുടെ വാക്കുകള്‍

Posted on: May 8, 2015 5:53 pm | Last updated: May 8, 2015 at 6:00 pm

aparna (17)ആലപ്പുഴ: ‘ചേച്ചിമാരുടെ പീഡനം സഹിക്കവയ്യാഞ്ഞിട്ടാണ് ഞാന്‍ ഇത് ചെയ്തത്. അമ്മ എന്നോട് ക്ഷമിക്കണം. ഞാന്‍ രക്ഷപ്പെടില്ലേ അമ്മേ’ – വിഷക്കായ കഴിച്ച് ആശുപത്രിക്കിടക്കയില്‍ മരണം മുന്നില്‍ കണ്ട നിമിഷത്തില്‍ അപര്‍ണ അമ്മയോട് പറഞ്ഞ വാക്കുകളാണിത്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഇതെന്ന് അപര്‍ണയുടെ മാതാവ് ഗീത വിതുമ്പലോടെ പറയുന്നു. ഹോസ്റ്റലില്‍ അനുഭവിക്കേണ്ടിവന്ന മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് മകള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും ഗീത പറയുന്നു.

വിഷുവിന്റെ അവധിക്ക് വീട്ടില്‍ വന്നപ്പോഴും ഹേസ്റ്റലിക്കെുറിച്ച് പറഞ്ഞു. മുതിര്‍ന്ന കുട്ടികളുമൊത്ത് ഹോസ്റ്റല്‍ റൂം പങ്കിടാന്‍ വളരെ പ്രയാസമാണെന്നും ഇക്കാര്യം വാര്‍ഡനെ അറിയിച്ചിട്ടുണ്ടെന്നും അവള്‍ പറഞ്ഞിരുന്നു. മൂന്ന് മാസത്തിനകം മറ്റൊരു മുറിയിലേക്ക് മാറ്റിത്തരാമെന്ന് വാര്‍ഡന്‍ മകള്‍ക്ക് ഉറപ്പ് കൊടുത്തിരുന്നതാണ്. എന്നാല്‍ ഇതിനിടക്ക് ബന്ധപ്പെട്ടപ്പോള്‍ കാര്യങ്ങള്‍ എല്ലാം നല്ല നിലയിലാണ് പോകുന്നതെന്നും മകള്‍ പറഞ്ഞതായി ഗീത ഓര്‍ക്കുന്നു. ഒരു പക്ഷേ തന്നെ വിഷമിപ്പിക്കേണ്ട എന്നത് കൊണ്ടാകും അവള്‍ അങ്ങനെ പറഞ്ഞതെന്നാണ് ഗീത കരുതുന്നത്. പിന്നീട് വിഷക്കായ കഴിച്ച് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ് സീനിയേഴ്‌സിന്റെ പിഡനത്തെക്കുറിച്ച് മകള്‍ വീണ്ടും സംസാരിച്ചതെന്ന് ഗീത കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന്റെ സാഹചര്യം അറിയാവുന്നത് കൊണ്ടാണ് തന്റെ മകള്‍ ഈ പീഡനമെല്ലാം സഹിച്ച് പരമാവധി പിടിച്ചുനിന്നതെന്നും ഈ മാതാവ് നിറകണ്ണുകളോടെ പറയുന്നു.

അഞ്ച് വഷര്‍മായി സായിയില വാട്ടര്‍ സ്‌പോര്‍ടസ് ട്രെയിനിംഗ് സെന്ററിലാണ് അപര്‍ന്ന പരിശീലനം നടത്തുന്നത്. ബുധനാഴ്ച രാത്രി അപര്‍ണയും സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ഥിനികളും ചേര്‍ന്ന് വിഷക്കായയായ ഒതളങ്ങ കഴിക്കുകയായിരുന്നു. അപര്‍ണ വ്യാഴാഴ്ച രാവിലെ മരിച്ചു. മറ്റു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.