Malappuram
കസ്റ്റഡി വാഹനങ്ങളിലെ സ്‌പെയര്‍ പാര്‍ട്‌സ് മോഷണം; പ്രതി പിടിയില്‍

വളാഞ്ചേരി: മണല്‍ കടത്തിന് പിടികൂടിയ വാഹനങ്ങളില്‍ നിന്നും സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷ്ടിച്ച് വില്‍ക്കുന്ന സംഘത്തിലെ ഒരാളെ കുറ്റിപ്പുറം പോലീസ് കസ്റ്റഡിയില്‍ എടുത്തു. കന്മനം അല്ലൂര്‍ പുതുക്കുടി ഷാഹുല്‍ ഹമീദ് (28) ആണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
കേസില്‍ മൂന്ന് പേരെ കൂടി ഉടന്‍ പൂടികൂടുമെന്ന് പോലീസ് പറയുന്നത്. അതേ സമയം ഷാഹുല്‍ ഹമീദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ട് മൂന്ന് ദിവസമായെന്നും ഇതുവരെ വിട്ടയക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്ന് കാണിച്ച് സഹോദരി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. സ്‌പെയര്‍ പാര്‍ട്‌സുകള്‍ മോഷ്ടിച്ച് വിറ്റ സംഭവത്തില്‍ ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരെ മോഷണ കുറ്റം ചുമത്താന്‍ നീക്കം തുടങ്ങി.
ഇവരെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റുക, സസ്‌പെന്‍ഡ് ചെയ്യുക, മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുക എന്നീ മൂന്ന് നിര്‍ദേശങ്ങളാണ് ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. നിലവില്‍ ഇവരെ കാളികാവ്, കരുവാരക്കുണ്ട്, മേലാറ്റൂര്‍ എന്നീ സ്റ്റേഷനുകളിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
തിരൂര്‍ ഡി വൈ എസ് പിയുടെ കീഴിലുള്ള പ്രത്യേക മണല്‍ സ്‌ക്വാഡില്‍ അംഗമായ ഇവരെ കഴിഞ്ഞ ദിവസമാണ് അന്വേഷണ വിധേയമായി സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ സ്ഥലം മാറ്റിയത്. ബുധനാഴ്ച രാവിലെ തിരൂര്‍ ഡി വൈ എസ് പി. കെ എം അസൈനാര്‍ കുറ്റിപ്പുറം പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് സംഭവത്തിന്റെ നിജസ്ഥിതിയെ കുറിച്ച് വിശദമയ പരിശോധന നടത്തിയിരുന്നു. അതേ സമയം മണല്‍ മാഫിയക്ക് വെല്ലുവിളിയായി നിരവധി മണല്‍ ലോറികള്‍ പിടികൂടി ഈ മൂന്ന് യുവ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെയുള്ള നീക്കം ആസൂത്രണമാണ് എന്ന് ആരോപിച്ച് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ വിഴുപ്പലക്കല്‍ കൂടുതല്‍ വിവാദമായിരിക്കുകയാണ്.