Connect with us

Kerala

ജനകീയ പ്രശ്‌നങ്ങളില്‍ സജീവമാകാന്‍ സി പി എമ്മിന്റെ ചുവപ്പ് സേന

Published

|

Last Updated

കണ്ണൂര്‍ :സാധാരണക്കാരുടെയിടയില്‍ പാര്‍ട്ടി പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സി പി എമ്മിന്റെ നേതൃത്വത്തില്‍ പ്രത്യേക ചുവപ്പ് വളണ്ടിയര്‍ സേന ഒരുങ്ങുന്നു. പാര്‍ട്ടി പരിപാടികള്‍ക്കായി നിലവില്‍ രംഗത്തെത്തുന്ന റെഡ് വളണ്ടിയര്‍ സേനക്ക് പുറമെയാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പുതിയ സേന പ്രവര്‍ത്തനം തുടങ്ങുന്നത്. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏറ്റെടുത്ത് നടത്തി പാര്‍ട്ടിയുടെ ജനകീയാടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചുവപ്പ് സേനയെ പുതുതായി രംഗത്തിറക്കുന്നത്. ജനങ്ങളുടെയിടയില്‍ നിന്ന് പാര്‍ട്ടി അകന്നു പോകുന്നുവെന്ന പാര്‍ട്ടി സമ്മേളനങ്ങളിലെ വിമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് ചുവപ്പ് സേനയെന്ന ആശയം പാര്‍ട്ടിയുടെ സംസ്ഥാന ഘടകം തന്നെ ആവിഷ്‌കരിച്ചത്. ജനസേവനത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുകയെന്നതാണ് വളണ്ടിയര്‍ സേനയുടെ പ്രധാന ലക്ഷ്യം. ജനങ്ങള്‍ക്കിടയില്‍ വിവിധ സേവനങ്ങള്‍ നിര്‍വഹിക്കാനുള്ള പരിശീലനമാണ് ഇതിനായി തെരഞ്ഞെടുക്കുന്ന വളണ്ടിയര്‍മാര്‍ക്ക് നല്‍കുകയെന്ന് നേതൃത്വം വ്യക്തമാക്കുന്നുണ്ട്. പ്രഥമ ശുശ്രൂഷ, രക്ഷാപ്രവര്‍ത്തനം തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടും. അതോടൊപ്പം വളണ്ടിയര്‍മാര്‍ക്ക് വ്യായാമ പരിശീലനവും നല്‍കുന്നുണ്ട്. 18നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കളെയാണ് ഇതിലേക്കായി തിരഞ്ഞെടുക്കുന്നത്.

ഇവര്‍ക്കുള്ള ലോക്കല്‍തല പരിശീലനം ഈ മാസം പത്തിന് തുടങ്ങും. ആദ്യഘട്ടത്തില്‍ യുവാക്കള്‍ക്കാണ് പരിശീലനം. അടുത്ത ഘട്ടത്തില്‍ യുവതികള്‍ക്കും പരിശീലനം നല്‍കും. വിവാഹം, മരണം, രോഗം തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും. കണ്ണൂരിലാണ് സേന സംസ്ഥാനത്ത് ആദ്യമായി തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി കണ്ണൂര്‍ നഗരത്തില്‍ ഈമാസം 26ന് ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചും നടത്തും. ജില്ല കേന്ദ്രീകരിച്ചുള്ള മാര്‍ച്ചാണ് കണ്ണൂരില്‍ നടക്കുക. കണ്ണൂരില്‍ നേരത്തെ സി പി എമ്മിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സാന്ത്വന പരിചരണ പരിപാടി സാധാരണക്കാര്‍ക്കിടയില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ പാര്‍ട്ടിയുടെ ഐ ആര്‍ പി സി സംരംഭത്തെ പിന്താങ്ങുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് പുതുതായി രൂപവത്ക്കരിക്കുന്ന സേനയും ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നത്. അതേ സമയം ഇത് കണ്ണൂര്‍ ജില്ലയില്‍ മാത്രമായി രൂപവത്കരിക്കുന്ന വളണ്ടിയര്‍ സേനയാണെന്ന പ്രചാരണം ശരിയല്ലെന്നും സംസ്ഥാനതലത്തില്‍ തീരുമാനിച്ച പ്രവര്‍ത്തനത്തിന്റെ ഭാഗമാണിതെന്നും സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. വര്‍ഗീയ ശക്തികളുടെ പ്രവര്‍ത്തനത്തെ പ്രതിരോധിക്കാനാണ് സേനയെന്നത് വസ്തുതാ വിരുദ്ധമാണ്. കൂത്തുപറമ്പ് നടന്ന ജില്ലാ സമ്മേളനത്തിലും അതിന് മുമ്പും വടി ഉപയോഗിച്ച് ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ച് നടത്തിയിട്ടുണ്ട്. യൂനിഫോമിന്റെ ഭാഗമാണ് വടിയെന്നും ജയരാജന്‍ പറഞ്ഞു.