Connect with us

Kasargod

തണല്‍ മരങ്ങള്‍ക്ക് കോടാലി വീഴുന്നു

Published

|

Last Updated

കാസര്‍കോട്: തണലേകുന്ന നിരവധി മരങ്ങളുടെ കഴുത്തുവെട്ടാന്‍ കോടാലികള്‍ ഒരുങ്ങി. കാസര്‍കോട് മുതല്‍ ചെര്‍ക്കളവരെയുള്ള കൂറ്റന്‍ മരങ്ങള്‍ വെട്ടിമാറ്റാനുള്ള നീക്കങ്ങളാണ് തകൃതിയായിരിക്കുന്നത്.
വ്യാപാരസ്ഥാപനങ്ങള്‍ക്ക് മോടി കൂട്ടുന്നതിനും മറ്റുമായാണ് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാത്ത തണല്‍മരങ്ങള്‍ മുറിക്കുന്നത്. ചെര്‍ക്കള ജംഗ്ഷനില്‍ വര്‍ഷങ്ങളോളമായി ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് തണല്‍ നല്‍കുന്ന രണ്ട വലിയ അരയാല്‍ മരങ്ങള്‍ ഏത് സമയത്തും ഇല്ലാതാകും. ദേശാടനപക്ഷികള്‍ കൂട് കൂട്ടുന്നമരങ്ങള്‍ കൂടിയാണിത്. കെട്ടിടങ്ങള്‍ക്കും വാഹനഗതാഗതത്തിനും ഈ മരങ്ങള്‍ നിലവില്‍ യാതൊരു ഭീഷണിയും സൃഷ്ടിക്കുന്നില്ല. കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും എത്രയോ തണല്‍മരങ്ങള്‍ ഇതിനകം മുറിച്ചുനീക്കിക്കഴിഞ്ഞു. അവശേഷിച്ച മരങ്ങള്‍ കൂടിയാണ് ഇനി നാമാവശേഷമാകുന്നത്. വേനല്‍ചൂടില്‍ നിന്നും ആശ്വാസം പകരുന്ന മരങ്ങള്‍ പലതും മുറിച്ചുമാറ്റിയതോടെ നഗരഭാഗങ്ങളില്‍ ചൂടിന്റെ കാഠിന്യം അസഹനീയമാണ്.
ഇത്തരം പ്രശ്‌നങ്ങളില്‍ പരിസ്ഥിതി സംഘടനകളുടെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകുന്നില്ല.പത്രങ്ങളില്‍ പ്രതിഷേധപ്രസ്താവനകള്‍ മാത്രം ഒതുങ്ങുകയാണ് പരിസ്ഥിതി സംഘടനകളുടെ പ്രവര്‍ത്തനങ്ങളെന്നാണ് പൊതുവായ ആരോപണം.

Latest