International
പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിന് നെതന്യാഹു സന്നദ്ധത അറിയിച്ചു

ജറൂസലം: നിയമപരമായി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഇസ്‌റാഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹൂ പുതിയ സര്‍ക്കാറിനെ പ്രഖ്യാപിച്ചു. 120 അംഗ പാര്‍ലിമെന്റില്‍ ഒരൊറ്റ സീറ്റിന്റെ മാത്രം മുന്‍തൂക്കത്തോടെയാണ് നിലവിലെ സര്‍ക്കാര്‍ രൂപവത്കരണം. എന്നാല്‍ പിന്നീട് വികസിപ്പിക്കാമെന്ന കണക്കൂകൂട്ടലിലാണ് ഇപ്പോള്‍ നെതന്യാഹു സര്‍ക്കാര്‍ രൂപവത്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂത നേതാവ് നഫ്താലി ബെന്നെറ്റുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സര്‍ക്കാര്‍ രൂപവത്കരണം വിജയിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചത്. പ്രസിഡന്റിനോടും പാര്‍ലിമെന്റ് സ്പീക്കറോടും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള സന്നദ്ധത അറിയിക്കാനാണ് താനിപ്പോള്‍ പോകുന്നതെന്ന് കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആഴ്ചയോടെ സര്‍ക്കാര്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ അവസാനിച്ചതായും ഇനി പ്രവര്‍ത്തിയിലേക്ക് കടക്കുകയാണെന്നും ചര്‍ച്ചകള്‍ക്ക് ശേഷം ബെന്നെറ്റ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
നിയമപരമായി മണിക്കൂറുകള്‍ മാത്രം അവശേഷിക്കവെയാണ് പുതിയ സര്‍ക്കാര്‍ രൂപവത്കരണ പദ്ധതി നെതന്യാഹു പ്രഖ്യാപിച്ചത്. നിശ്ചിത സമയത്തിനകം സര്‍ക്കാര്‍ രൂപവത്കരണ പദ്ധതി മുന്നോട്ടുവെക്കാനായില്ലെങ്കില്‍ അടുത്ത അവസരം മറ്റൊരു പാര്‍ട്ടിക്ക് നല്‍കും. സിയോണിസ്റ്റ് യൂനിയന്‍ നേതാവ് ഐസക് ഹെര്‍സോഗിനായിരുന്നു സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള അടുത്ത അവസരം. മാര്‍ച്ച് 17ന് നടന്ന തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടി 17 സീറ്റുകള്‍ നേടി ശക്തി തെളിയിച്ചിരുന്നു. നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് ലഭിച്ചത് 30 സീറ്റുകളും.
പുതിയ സര്‍ക്കാര്‍ നെതന്യാഹുവിന് നിരവധി ഭീഷണികള്‍ ഉയര്‍ത്തുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പട്ടാളക്കാരില്ലാത്ത ജനറല്‍ എന്നാണ് നെതന്യാഹുവിനെ മാറിവ് ഡെയ്‌ലി വിശേഷിപ്പിച്ചത്.