Gulf
അബുദാബി അന്താരാഷ്ട്ര പുസ്തകമേളക്ക് പ്രൗഢമായ തുടക്കം

അബുദാബി: അബുദാബി അന്താരാഷ്ട്ര പുസ്തകമേളക്ക് അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ പ്രൗഢമായ തുടക്കം. യു എ ഇ വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ഏഴ് ദിവസം നീളുന്ന 25ാമത് പുസ്തകമേള ഉദ്ഘാടനം ചെയ്തത്. മേളയില്‍ ഇന്ത്യയില്‍ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1181 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്.
കേരളത്തില്‍ നിന്ന് സിറാജ് ദിനപത്രവും ഡി സി ബുക്‌സും വിപുലമായ പവലിയന്‍ ഒരുക്കിയിട്ടുണ്ട്. സിറാജ് ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ പ്രമുഖ എഴുത്തുകാരനും നാഷനല്‍ ബുക് ട്രസ്റ്റ് മുന്‍ ചെയര്‍മാനുമായ സേതു, സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല എന്നിവര്‍ അതിഥികളായി സംബന്ധിക്കും.
കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡുമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സേതു ആദ്യമായാണ് അബുദാബി പുസ്തകമേളയില്‍ അതിഥിയായി എത്തുന്നത്. മേളയുടെ രണ്ടാം ദിവസമായ വെള്ളിയാഴ്ച്ച വൈകുന്നേരം 8.15ന് പ്രവാസി വായന മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല “എന്‍കൗണ്ടര്‍” പരിപാടിയില്‍ പങ്കെടുക്കും. ലിറ്ററേച്ചര്‍ ഒയാസിസിലാണ് രണ്ടു പരിപാടികളും നടക്കുക.