Gulf
ശൈഖ് മുഹമ്മദ് സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സൗഊദി അറേബ്യന്‍ ഭരണാധികാരിയും ഇരു ഹറമുകളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവുമായി കൂടിക്കാഴ്ച നടത്തി.
സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഞ്ചാമത് ജി സി സി കള്‍സള്‍ട്ടേറ്റീവ് സമ്മിറ്റിന് റിയാദില്‍ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെ മുഖ്യാതിഥിയായി സമ്മിറ്റില്‍ പങ്കെടുത്തിരുന്നു. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദേശീയ സുരക്ഷാ ഉപ ഉപദേഷ്ടാവ് ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ക്യാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി, വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാഷ്, ദുബൈ പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍, സഊദി അറേബ്യയിലെ യു എ ഇ സ്ഥാനപതി മുഹമ്മദ് സഈദ് മുഹമ്മദ് അല്‍ ദാഹിരി എന്നിവരും ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.
ഇറാനുമായി സന്തുലനമായ ബന്ധമാണ് ജി സി സി രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സമ്മിറ്റില്‍ പങ്കെടുത്ത ജി സി സി ഭരണത്തലവന്മാര്‍ വ്യക്തമാക്കി. മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇത് അത്യന്താപേക്ഷിതമാണ്. പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമായ ബന്ധമാണ് ജി സി സി രാജ്യങ്ങള്‍ അഭിലഷിക്കുന്നത്. അയല്‍ രാജ്യങ്ങളുമായി മികച്ചതും രാജ്യങ്ങളുടെ അഖണ്ഡത ബഹുമാനിക്കുന്നതുമായ ബന്ധമാണ് ഉണ്ടാവേണ്ടതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.