Kerala
സായിയിലെ ആത്മഹത്യ: അന്വേഷണം ക്രെെംബ്രാഞ്ചിന്

ആലപ്പുഴ: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ആലപ്പുഴ കേന്ദ്രത്തിന്റെ ഹോസ്റ്റലില്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച നാല് കായിക വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ ആര്യാട് സ്വദേശിനി അപര്‍ണ (17) ആണ് മരിച്ചത്. സീനിയര്‍ വിദ്യാര്‍ഥിനികളുടെ റാഗിംഗ് ആണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് സൂചന.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെ കുറിച്ച് അനേ്വഷിച്ച് വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ അംഗം ആര്‍ നടരാജന്‍ കമ്മീഷന്റെ മുഖ്യ അന്വേഷണ ഉദേ്യാഗസ്ഥന്‍ ഐ ജി. എസ് ശ്രീജിത്തിന് നിര്‍ദേശം നല്‍കി. ഒരു മാസത്തിനകം വിശദീകരണം നല്‍കണം.
സംഭവത്തെക്കുറിച്ച് ആഭ്യന്തര വകുപ്പും അന്വേഷണം ആരംഭിച്ചു. ഐ ജി. എം ആര്‍ അജിത്കുമാര്‍ ആലപ്പുഴയിലെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തെക്കുറിച്ച് െ്രെകം ബ്രാഞ്ച് ഡി വൈ എസ് പി അന്വേഷിക്കുമെന്ന് ഐ ജി. എം ആര്‍ അജിത്കുമാര്‍ പറഞ്ഞു. സായ് ഡയറക്ടര്‍ ജനറല്‍ ഇന്‍ജെറ്റി ശ്രീനിവാസ് ഇന്ന് വിദ്യാര്‍ഥിനികളുടെ ബന്ധുക്കളില്‍ നിന്നും സായ് അധികൃതരില്‍ നിന്നും തെളിവെടുക്കും. ബുധനാഴ്ച രാത്രിയോടെയാണ് സായി ഹോസ്റ്റലില്‍ അവശനിലയില്‍ പെണ്‍കുട്ടികളെ കണ്ടത്. ഇവരെ ആദ്യം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് അപര്‍ണ മരിച്ചത്.
ജില്ലയിലെ തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ചികിത്സയില്‍ കഴിയുന്ന മറ്റ് പെണ്‍കുട്ടികള്‍. ഇവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ദേശീയ ഗെയിംസില്‍ കയാക്കിംഗ് ഇനത്തില്‍ സ്വര്‍ണം നേടിയ താരത്തിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനികളായ ഇവര്‍ തുഴച്ചില്‍ ഇനങ്ങളിലാണ് പരിശീലനം നടത്തുന്നത്. പരിശീലകരുടെയും സീനിയര്‍ വിദ്യാര്‍ഥിനികളുടെയും പീഡനമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. അപര്‍ണയെ കഴിഞ്ഞ ദിവസം പരിശീലകന്‍ തുഴകൊണ്ട് മര്‍ദിച്ചിരുന്നതായി ആരോപണമുണ്ട്. എന്നാല്‍, വിദ്യാര്‍ഥിനികളുടെ ചില തെറ്റുകള്‍ സ്ഥാപനത്തിലെ അധികൃതര്‍ അറിഞ്ഞതില്‍ മനംനൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. ഇവരുടെ ആത്മഹത്യാ കുറിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്.
അപര്‍ണയുടെ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് മൂന്ന് കുട്ടികളുടെ മൊഴി സബ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടികളെ ആരെങ്കിലും ഉപദ്രവിച്ചതായി ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഹോസ്റ്റല്‍ വാര്‍ഡന്‍ രാഗിണി പറഞ്ഞു. സംഭവം സംസ്ഥാന കായിക സെക്രട്ടറി എം ശിവശങ്കരന്‍ അന്വേഷിക്കുമെന്ന് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനികളെയും മരിച്ച അപര്‍ണയുടെ ആര്യാട്ടെ വീടും സന്ദര്‍ശിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തും. അപര്‍ണയുടെ വീട്ടില്‍ എത്തിയ മന്ത്രി, ബന്ധുക്കളെ ആശ്വസിപ്പിച്ചു. തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മുതിര്‍ന്ന രണ്ട് വിദ്യാര്‍ഥികളുടെ പീഡനം മൂലമാണ് മകള്‍ നഷ്ടമായതെന്നും മാതാവ് ഗീത മന്ത്രിയോട് പരാതിപ്പെട്ടു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അമ്പലപ്പുഴയില്‍ പറഞ്ഞു.
അപര്‍ണയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിനു നോര്‍ത്ത് പോലീസ് കേസെടുത്തു. അപര്‍ണയുടെ മൃതദേഹം വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.