Connect with us

Kerala

23 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി

Published

|

Last Updated

തിരുവനന്തപുരം: മാനസിക വൈകല്യം നേരിടുന്ന നൂറിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 23 വിദ്യാലയങ്ങളാണ് ഈ ഗണത്തില്‍ വരുന്നത്. അമ്പതില്‍ കൂടുതല്‍ കുട്ടികളുള്ള വിദ്യാലയങ്ങള്‍ക്കും എയ്ഡഡ് പദവി നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന 278 സ്‌കൂളുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഒരെണ്ണം മാത്രമാണ് സര്‍ക്കാര്‍ മേഖലയിലുള്ളത്. ഇവയില്‍ 50 കുട്ടികളില്‍ താഴെയുള്ള സ്ഥാപനങ്ങളുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ പിന്നീട് ആലോചിക്കും. 278 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് പുറമേ, തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂളുകള്‍ക്കും എയ്ഡഡ് പദവി ബാധകമാക്കും. തീരുമാനം നടപ്പാവുന്നതോടെ പതിനെട്ട് വയസില്‍ കൂടുതല്‍ ഉള്ള കുട്ടികളെ ഈ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ കഴിയാതെ വരും. അവരുടെ പുനരധിവാസത്തിന് പ്രത്യേക പദ്ധതി നടപ്പാക്കും. ഇത്തരം സ്‌കൂളുകളില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം മറ്റുള്ള സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്തമായി തുടരും. നിലവിലുള്ള ജീവനക്കാരെ പരമാവധി സംരക്ഷിക്കും. യോഗ്യതയില്ലാത്ത ജീവനക്കാര്‍ക്ക് മതിയായ യോഗ്യത നേടാന്‍ സമയം അനുവദിക്കണമെന്നും വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട്. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിലൂടെ താനുള്‍പ്പെടെ എല്ലാവരും പങ്കാളികളായ വലിയൊരു അനീതി്ക്കാണ് മാറ്റംവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്ലസ്ടു വരെ സൗജന്യ വിദ്യാഭ്യാസം നടപ്പാക്കിയിട്ടും പ്രത്യേക പരിഗണന വേണ്ടവര്‍ക്ക് അത് നല്‍കാന്‍ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം, ഒളശ്ശ അന്ധവിദ്യാലയത്തെ ഹൈസ്‌കൂളായി ഉയര്‍ത്താനും പത്ത് തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 2015ലെ മുന്നാക്ക വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള സംസ്ഥാന കമ്മീഷന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും. ഫിഷറീസ് വകുപ്പില്‍ എസ് എല്‍ ആര്‍ ജീവനക്കാര്‍ക്ക് 2706.2012 മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കും. പോലിസ്, എക്‌സൈസ്, ഫോറസ്റ്റ്, റവന്യുവകുപ്പ് ഓഫീസുകളുടെ പരിസരത്ത് കൂടിക്കിടക്കുന്ന കണ്ടുകെട്ടിയ വാഹനങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മുന്‍ ചീഫ് സെക്രട്ടറിയുടെ കാലത്ത് ഇത്തരത്തിലുള്ള 5000 ഓളം വാഹനങ്ങള്‍ ഒഴിവാക്കിയിരുന്നു. കെ ടി ഡി സിയില്‍ 33 ജീവനക്കാരെ നിലവിലുള്ള തസ്തികയില്‍ സ്ഥിരപ്പെടുത്തും. തിരുവനന്തപുരം, മുട്ടത്തറ വില്ലേജില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഫാക്ടറി സ്ഥാപിക്കാന്‍ 40.47 ആര്‍ ഭൂമി സൗജന്യമായി ആരോഗ്യവകുപ്പിന് നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Latest