Connect with us

Kerala

സമ്പൂര്‍ണ ട്രോളിംഗ് നിരോധം: മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണും

Published

|

Last Updated

തിരുവനന്തപുരം: രണ്ട് മാസക്കാലം സമ്പൂര്‍ണ ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലസംഘം പ്രധാനമന്ത്രിയെ കാണും. ഡോ. സൈദറാവു കമ്മിറ്റി ശിപാര്‍ശയനുസരിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരളത്തിന്റെ പ്രതിഷേധം ഇതിനകം അറിയിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജൂണ്‍ ഒന്ന് മുതല്‍ 61 ദിവസത്തേക്ക് എല്ലാവിധ മത്സ്യബന്ധന യാനങ്ങളുടെയും പ്രവര്‍ത്തനം തടഞ്ഞു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സമയം ലഭിച്ചാലുടന്‍ ഫിഷറീസ് മന്ത്രി കെ ബാബു, തൊഴില്‍മന്ത്രി ഷിബുബേബി ജോണ്‍ എന്നിവര്‍ക്കൊപ്പം ഡല്‍ഹിക്ക് പോകും. കെ എസ് ആര്‍ ടി സിയിലെ പെന്‍ഷന്‍ കുടിശ്ശിക കൊടുക്കാന്‍ വായ്പ അനുവദിക്കണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ എസ് ആര്‍ ടി സി പുനരുദ്ധാരണ പാക്കേജ് അനുസരിച്ച് കോര്‍പറേഷനും സര്‍ക്കാറും സംയുക്തമായി ധനസമാഹരണം നടത്തണം. നിലവിലുള്ള പെന്‍ഷന്‍ കൊടുക്കുന്നതിന് തടസ്സമില്ല. എന്നാല്‍, കുടിശ്ശിക കൊടുക്കാന്‍ വായ്പ വേണമെന്നാണ് കെ എസ് ആര്‍ ടി സി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest