Connect with us

Kerala

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഒമ്പത് റിക്രൂട്ടിംഗ് ഏജന്‍സികളില്‍ സി ബി ഐ റെയ്ഡ്

Published

|

Last Updated

കൊച്ചി: പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് അന്വേഷിക്കുന്ന സി ബി ഐ സംഘം കൊച്ചിയിലും കോട്ടയത്തും മുംബൈയിലുമായി ഒമ്പത്് റിക്രൂട്ട്‌മെന്റ് ഏജന്‍സി ഓഫീസുകളില്‍ റെയ്ഡ് നടത്തി.
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിലുള്‍പ്പെട്ട മാത്യു ഇന്റര്‍നാഷനലിന്റെ ഓഫീസുകളിലും ഉടമ കെ ജെ മാത്യുവിന്റെ അമ്പലപ്പുഴയിലെയും മുംബൈയിലെയും വസതികളിലും പരിശോധന നടന്നു. 13 കേന്ദ്രങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ ഒരേ സമയം നടന്ന പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തതായും ഇവ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.
കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന മാത്യു ഇന്റര്‍നാഷനല്‍, ജെ കെ എന്റര്‍പ്രൈസസ്, പാന്‍ ഏഷ്യ, ഗ്ലോബ് ആന്‍ഡ് ഗ്ലോബ്, ധനുഷ്, സ്‌കൈലൈന്‍, മിഡിലൈന്‍, കോട്ടയത്തെ മിഡിലൈനിന്റെ ഹെഡ് ഓഫീസ്, മാത്യു ഇന്റര്‍നാഷനലിന്റെ മുംബൈ ഓഫീസ് എന്നിവിടങ്ങളിലും മാത്യു ഇന്റര്‍നാഷനല്‍ ഉടമ കെ ജെ മാത്യു അടക്കമുള്ള ചില ഏജന്‍സി ഉടമകളുടെ വീടുകളിലുമായിരുന്നു പരിശോധന. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഈ സ്ഥാപനങ്ങള്‍ നടത്തിയ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെയും അതിനായി ഈടാക്കിയ പണത്തിന്റെയും കണക്കുകളാണ് പ്രധാനമായും ശേഖരിച്ചത്.
റിക്രൂട്ട്‌മെന്റ് തട്ടിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഉദ്യോഗസ്ഥനായ എല്‍ അഡോള്‍ഫിനെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. നേരത്തെ അല്‍സറഫ റിക്രൂട്ടിംഗ് ഏജന്‍സി നടത്തിയ റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഉദ്യോഗസ്ഥനെതിരെയും അല്‍സറഫ ഉടമക്കെതിരെയും കേസെടുത്ത സി ബി ഐ ഈ കേസിന്റെ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ അന്വേഷണം സി ബി ഐ കൂടുതല്‍ വ്യാപകമാക്കിയിരിക്കുന്നത്.
പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്റെ ഒത്താശയോടെയാണ് അല്‍സറഫ ഏജന്‍സി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയതെന്നതിന് സി ബി ഐക്ക് തെളിവ് ലഭിച്ചിരുന്നു. മാത്യു ഇന്റര്‍നാഷനല്‍ അടക്കമുള്ള മറ്റ് ഏജന്‍സികള്‍ക്കും ഇത്തരത്തില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്റെ സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് സി ബി ഐ പരിശോധിക്കുന്നത്. ഇതിന് അനുകൂലമായ എന്തെങ്കിലും തെളിവ് റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ കൂട്ടത്തിലുണ്ടെങ്കില്‍ അവര്‍ക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തും. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സുമായി ബന്ധമില്ലാത്ത ഏജന്‍സികളും റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അത് കേരള പോലീസാകും തുടര്‍ന്ന് അന്വേഷിക്കുക. സി ബി ഐയും ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ അല്‍സറഫ ഉടമ വര്‍ഗീസ് ഉതുപ്പ് നല്‍കിയിട്ടുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത ദിവസം ഹൈക്കോടതിയില്‍ എത്തുന്നുണ്ട്. ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി നാട്ടിലെത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കോടതി ഉത്തരവിന് ശേഷമേ തീരുമാനിക്കൂവെന്ന് സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു.

---- facebook comment plugin here -----

Latest