Gulf
വലിയ വിമാനങ്ങള്‍ റദ്ദു ചെയ്തു; പകരം സംവിധാനങ്ങളില്ല

ലോകത്തെ ഏറ്റവും തിരക്കുള്ള വ്യോമ മേഖലകളിലൊന്നാണ് ഗള്‍ഫ്-കേരള സെക്ടര്‍. ഇതില്‍, ദുബൈ-കോഴിക്കോട്-ദുബൈ റൂട്ടില്‍ തിരക്കൊഴിഞ്ഞ നേരമില്ല. എല്ലാ ദിവസവും ഒരു വിമാനത്തിലും സീറ്റൊഴിവുണ്ടാകാറില്ല. ഗള്‍ഫ് മലയാളികളില്‍ ഏറെയും മലബാറില്‍ നിന്നുള്ളവരാണ് എന്നതാണ് ഒരു കാരണം. മറ്റൊന്ന്, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കോഴിക്കോടുമായി ചിരകാല ബന്ധമുണ്ട്. അറബ് സമൂഹവും വന്‍തോതില്‍ കോഴിക്കോട്ടേക്ക് യാത്രപോകുന്നു.
ദുബൈയില്‍ നിന്ന് എമിറേറ്റ്‌സ് വിമാനം റദ്ദാക്കിയത് കൊണ്ടു മാത്രം ദിനം പ്രതി 600 ഓളം യാത്രക്കാര്‍ മറ്റുവഴികള്‍ തേടേണ്ടിവരുന്നു. ചിലര്‍ നെടുമ്പാശേരിയെയും മറ്റു ചിലര്‍ മംഗലാപുരത്തെയും ആശ്രയിക്കും.
ഇക്കാലത്ത്, ജീവിതോപാധി കണ്ടെത്താന്‍ മാത്രമല്ല, കേരളത്തില്‍ നിന്ന് ആളുകള്‍ ഗള്‍ഫിലെത്തുന്നത്. വിമാനത്താവളങ്ങളും വിമാനസര്‍വീസുകളും വര്‍ധിച്ചതോടെ ധാരാളം കുടുംബങ്ങള്‍ വിനോദ സഞ്ചാരത്തിന് ഗള്‍ഫില്‍ എത്തുന്നു. ഇത്തവണ, നാട്ടില്‍ വേനലവധി ആയപ്പോള്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുബൈ, ദോഹ, മസ്‌കത്ത് തുടങ്ങിയ ഗള്‍ഫ് നഗരങ്ങളിലെത്തി. ദുബൈയില്‍ താമസിക്കാന്‍ ഇടം ലഭിക്കാത്ത അവസ്ഥയായിരുന്നു.
ഗള്‍ഫ് കേരളീയര്‍ ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ മാത്രം നാട്ടില്‍പോകുന്നത് പഴങ്കഥ. വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും നാട്ടിലേക്ക് പോയി വരുന്നവരാണ് ഏറെ. വിമാനലഭ്യതയാണ് പ്രധാന കാരണം. ഇതിനിടയിലാണ് കരിപ്പൂര്‍ റണ്‍വേ ബലപ്പെടുത്തലിന് വിമാനത്താവളം ഭാഗികമായി അടച്ചിടാനുള്ള തീരുമാനം. ഉച്ച 12 മുതല്‍ രാത്രി എട്ടുവരെ വിമാന സര്‍വീസുകള്‍ പൂര്‍ണമായും മുടങ്ങിയിരിക്കും. യാതൊരു തയ്യാറെടുപ്പുമില്ലാതെ, യാത്രക്കാരുടെ ദുരിതം ഉള്‍ക്കൊള്ളാതെ, ഒറ്റയടിക്ക് തീരുമാനം കൈക്കൊള്ളുകയായിരുന്നു. വേനലവധിക്കാലത്ത് കടുത്ത തിരക്കുള്ള സമയം നോക്കിത്തന്നെ വലിയ വിമാനങ്ങള്‍ റദ്ദു ചെയ്തു.
പകരം ചെറിയ വിമാനങ്ങള്‍ പറത്താന്‍ എയര്‍ ഇന്ത്യാ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ വിമാനക്കമ്പനികള്‍ക്ക് ഇനിയും അനുമതി ലഭിച്ചിട്ടില്ല.
എയര്‍ ഇന്ത്യയുടെ വരുമാനത്തിന്റെ വലിയ പങ്ക് കോഴിക്കോട്-ഗള്‍ഫ് മേഖലയില്‍ നിന്നാണ്. വലിയ വിമാനങ്ങള്‍ റദ്ദു ചെയ്തത് കാരണം യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നുവെന്നും ചെറിയ വിമാനങ്ങള്‍ താമസിയാതെ കൂടുതലായി ഏര്‍പ്പെടുത്തുമെന്നും എയര്‍ ഇന്ത്യ ദുബൈ, വടക്കന്‍ എമിറേറ്റ്‌സ് സെയില്‍സ് മാനേജര്‍ പര്‍വീന്ദര്‍ പാല്‍സിംഗ് പറഞ്ഞു. പക്ഷേ, കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ ഇതിനു വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടില്ല.
മലബാറില്‍ ഇന്ന് കാണുന്ന പുരോഗതിയില്‍ കരിപ്പൂര്‍ വിമാനത്താവളം വലിയ പങ്കുവഹിച്ചു. ഗള്‍ഫുമായി നിരന്തര ബന്ധം സാധ്യമാക്കിയത് കരിപ്പൂരാണ്. കയറ്റിറക്കുമതിയില്‍ വര്‍ധനവുണ്ടായി. ഗ്രാമങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ടായി.
മലയോര മേഖലയില്‍ നിന്ന് പഴം പച്ചക്കറികള്‍ സുഗന്ധ വ്യജ്ഞനങ്ങള്‍ വിദേശങ്ങളിലേക്ക് ഒഴുകിയത് കരിപ്പൂര്‍ വഴി. ഭാഗികമായി അടച്ചിടുമ്പോള്‍ പോലും മലബാറിന് വലിയ ആഘാതമാകും. കയറ്റുമതി കുറയും. കരിപ്പൂരിനെ ആശ്രയിച്ചുള്ള ടാക്‌സികള്‍, ഹോട്ടലുകള്‍ തുടങ്ങിയവ ഊര്‍ധശ്വാസം വലിക്കും. തൊഴിലാളികള്‍ പട്ടിണിയിലാകും.
റണ്‍വേ പുനര്‍ നിര്‍മാണം എന്നാണ് ആദ്യം പറഞ്ഞത്. ആറു മാസമെന്നും പന്ത്രണ്ടെന്നും പതിനെട്ടെന്നും മാറ്റി പറഞ്ഞു. ഇപ്പോള്‍ രണ്ട് വര്‍ഷത്തില്‍ എത്തി നില്‍ക്കുന്നു. റദ്ദാക്കപ്പെട്ട വിമാനങ്ങള്‍ തിരിച്ചു വരില്ല എന്ന ഭയത്തിലാണ് ഏവരും. കരിപ്പൂര്‍ നേരത്തേ തന്നെ ജംബോ വിമാനങ്ങള്‍ക്ക് പര്യാപ്തമല്ല. അതായത് നിര്‍മാണ പ്രവര്‍ത്തി കഴിഞ്ഞാലും ഇനി അനുമതി ലഭിക്കുകയില്ല എന്നര്‍ത്ഥം. ലഭിച്ചാലും എമിറേറ്റ്‌സും സഊദി എയര്‍ലൈന്‍സും അങ്ങോട്ട് എത്താന്‍ കടമ്പകള്‍ വേറെകടക്കണം.
നിര്‍ത്തിലാക്കിയ വിമാനങ്ങളില്‍ മാത്രം അരലക്ഷം പ്രവാസികളാണ് ഒരു മാസം കരിപ്പൂരില്‍ എത്തിയിരുന്നത്. “ഒരു ഭാഗത്ത് പ്രതീക്ഷകളുടെ ഭാണ്ഡം പേറി വിടപറയല്‍ നൊമ്പരങ്ങളുടെ കണ്ണീര്‍ തുള്ളികള്‍ ഇറ്റി വീഴുമ്പോള്‍ മറുഭാഗത്ത് പുനഃസമാഗമത്തിന്റെയും ആശ്ലേഷങ്ങളുടെയും ആഹ്ലാദാരവങ്ങള്‍കൊണ്ട് പുഷ്‌ക്കലമായിരുന്ന കെട്ടിടങ്ങളുടെ താഴെ ഇപ്പോള്‍ മരണ വീടിനെ അനുസ്മരിപ്പിക്കുന്ന നിശ്ശബ്ദത.” ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടത് ഇങ്ങനെ.
(തുടരും)