National
ഇറാനുമായി ഇന്ത്യ തുറമുഖ നിര്‍മാണ കരാറിന്

ന്യൂഡല്‍ഹി: യു എസിന്റെ എതിര്‍പ്പ് അവഗണിച്ച് ഇന്ത്യ ഇറാനുമായി തുറമുഖ നിര്‍മാണ കരാറില്‍ ഒപ്പ് വെക്കുന്നു. ഇറാനുമായി ഒരു കരാറിനും ധൃതിപ്പെടരുതെന്ന് യു എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് മുഖവിലക്കെടുക്കാതെയാണ് സര്‍ക്കാര്‍ തെക്ക് കിഴക്കന്‍ ഇറാനില്‍ തുഖമുഖം നിര്‍മിക്കുന്നതിനുള്ള കരാറില്‍ ഒപ്പ്‌വെക്കാനുള്ള നടപടികളുമായി മുമ്പോട്ട് പോകുന്നത്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഇറാന്റെ ഭാഗത്താണ് ഇന്ത്യ തുറമുഖം നിര്‍മിക്കുന്നത്. 2003ല്‍ ഇതിന്റെ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് ഇത് മുന്നോട്ട് പോയില്ല. 4600 കോടി ഡോളറിന്റെ അടിസ്ഥാന സൗകര്യ, ഊര്‍ജ കരാര്‍ ചൈന പാക്കിസ്ഥാനുമായി ഒപ്പ് വെച്ചതിന് പിന്നാലെയാണ് ഇന്ത്യ ഇറാനുമായി കരാറില്‍ ഒപ്പ് വെക്കുന്നത്. കേന്ദ്ര തുഖമുഖ മന്ത്രിയാണ് ഇന്ന് ഇറാനില്‍ കരാര്‍ ഒപ്പ് വെക്കുക. പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനെതിരെ ഉപരോധത്തില്‍ ഇളവ് വരുത്തിയ ശേഷം ഊര്‍ജം, വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്താന്‍ ഈയിടെ ഇന്ത്യന്‍ സംഘം ഇറാന്‍ സന്ദര്‍ശിച്ചിരുന്നു. ഇറാനുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ഇറാന്റെ ഭാഗത്ത് തുറമുഖം നിര്‍മിക്കുന്നതിന് കഴിഞ്ഞ വര്‍ഷം കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു.