ജുഡീഷ്യല്‍ നിയമന കമ്മീഷന്‍;വാക്‌പോര് രൂക്ഷം

Posted on: May 6, 2015 4:57 am | Last updated: May 5, 2015 at 11:58 pm

ന്യൂഡല്‍ഹി: ഉന്നത നീതിന്യായ നിയമനങ്ങള്‍ക്കായുള്ള ജുഡീഷ്യല്‍ നിയമന കമ്മീഷനെച്ചൊല്ലി സര്‍ക്കാറും സുപ്രീം കോടതിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റം. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ന്യായാധിപരുടെ നിയമനത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും അദ്ദേഹത്തിന്റെ കൊളീജിയത്തിനും പ്രാമുഖ്യം ഇല്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി വാദിച്ചു. ഭരണഘടനയില്‍ നീതിന്യായ സ്വാതന്ത്ര്യത്തെ കുറിച്ച് മാത്രമാണ് പറയുന്നതെന്നും നിയമനത്തില്‍ അവസാനവാക്ക് ചീഫ് ജസ്റ്റിസാണെന്ന് അത് അര്‍ഥമാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിര്‍ദിഷ്ട ജുഡീഷ്യല്‍ നിയമന കമ്മീഷന്റെ സാധുത സംബന്ധിച്ച കേസില്‍ വാദം നടക്കവേയാണ് റോഹ്തഗി ശക്തമായ വാദഗതികള്‍ മുന്നോട്ടു വെച്ചത്.

ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് റോഹ്തഗിയുടെ വാദങ്ങളോട് രൂക്ഷമായാണ് പ്രതികരിച്ചത്. 1993ല്‍ ഒമ്പതംഗ ബഞ്ച് കൊളീജിയത്തിന് പരമാധികാരം അഥവാ പ്രമുഖ്യം (പ്രൈമസി) നല്‍കിക്കൊണ്ട് വിധി പുറപ്പെടുവിച്ചപ്പോള്‍ സര്‍ക്കാര്‍ ഒരു വിയോജിപ്പും നടത്തിയിരുന്നില്ലെന്നും സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് മാറ്റുകയാണെന്നും ജസ്റ്റിസ് ഖേഹാര്‍ തിരിച്ചടിച്ചു. 1993 കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടെന്നും സാഹചര്യങ്ങള്‍ അപ്പടി മാറിയിട്ടുണ്ടെന്നും റോഹ്തഗി വാദിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസിനും കൊളീജിയത്തിനും പ്രാമുഖ്യം നല്‍കുന്നത് അപകടകരമാണെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാല്‍, സര്‍ക്കാര്‍ ഇങ്ങനെ നിലപാട് മാറ്റുന്നതാണ് അപകടകരമെന്ന് ബഞ്ച് നിരീക്ഷിച്ചു.
‘1993ലെ വിധി വന്നപ്പോള്‍ നിങ്ങളാണ് ആദ്യം അതിനെ അംഗീകരിച്ചത്. ജുഡീഷ്യല്‍ പ്രൈമസി നിങ്ങള്‍ സ്വീകരിച്ചു. ഇന്ന് നിങ്ങള്‍ നിലപാട് മാറ്റുകയാണ്. എന്നുമെന്നും നിലപാട് മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ല’- ഖേഹാര്‍ പറഞ്ഞു. നിലപാട് മാറ്റത്തിന് എന്താണ് കാരണമെന്നും 1993ല്‍ തെറ്റായ നിലപാടാണ് എടുത്തതെന്ന് സമ്മതിക്കുകയാണോയെന്നും ബഞ്ചിലെ മറ്റൊരു ന്യായാധിപന്‍ ജസ്റ്റിസ് എ കെ ഗോയല്‍ ചോദിച്ചു.
അതേസമയം, റോഹ്തഗി തന്റെ വാദം ആവര്‍ത്തിച്ചു. ഭരണഘടനാ ശില്‍പ്പികള്‍ ചീഫ് ജസ്റ്റിസിന്റെ പ്രാമുഖ്യം ഉദ്ദേശിച്ചിട്ടേയില്ല. നീതിന്യായ വിഭാഗത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് ഭരണഘടന പറയുന്നത്. പരമാധികാരത്തെക്കുറിച്ചല്ല. കൊളീജിയത്തിനായി ന്യായാധിപന്‍മാര്‍ ഇപ്പോള്‍ ഇങ്ങനെ വാദിക്കുന്നത് സംശയാസ്പദമാണ്. വിശദീകരങ്ങള്‍ ഏറെ ആവശ്യമുണ്ട്. 1993ലെ വിധി ഇന്നത്തെ സാഹചര്യത്തില്‍ പുനര്‍വിചിന്തനത്തിന് വിധേയമാക്കണമെന്നും റോഹ്തിഗി വാദിച്ചു. അതുകൊണ്ട് ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ കേസ് കൂടുതല്‍ വിശാലമായ ബഞ്ച് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് കേസ് പരിഗണിക്കുന്ന അഞ്ചംഗ ബഞ്ച്. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്റെ സാധുത പരിശോധിക്കാനാണ് ഈ ബഞ്ച് രൂപവത്കരിച്ചിട്ടുള്ളതെന്നും 1993ലെ വിധിയുടെ ശരിതെറ്റുകള്‍ ഇവിടെ വിഷയമല്ലെന്നും ബഞ്ച് വ്യക്തമാക്കി.
പുതിയ സംവിധാനം കൊളീജിയം സംവിധാനത്തോളം സ്വതന്ത്രമാണെന്ന് തെളിയിക്കാനായാല്‍ മാത്രമേ സര്‍ക്കാറിന് വിജയിക്കാനാകൂ എന്ന് ബഞ്ച് നിരീക്ഷിച്ചു. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ന്യായാധിപന്മാപെ നിയമിക്കുന്നതിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം സംവിധാനത്തിന് പകരമാണ് ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ കൊണ്ടുവന്നത്. ഏപ്രില്‍ പതിമൂന്നിനാണ് ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. ഇതിനെതിരെ ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. നീതിന്യായ വിഭാഗത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് കാര്യങ്ങള്‍ നഷ്ടപ്പെടുമെന്ന വിലയിരുത്തലിലാണ് അവര്‍. നിര്‍ദിഷ്ട ജുഡീഷ്യല്‍ നിയമന കമ്മീഷനിലും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെയായിരിക്കും അധ്യക്ഷന്‍. രണ്ട് പ്രമുഖ ന്യായാധിപന്‍മാര്‍, നിയമ മന്ത്രി, രണ്ട് പ്രമുഖ വ്യക്തികള്‍ എന്നിവരാണ് അംഗങ്ങളാകുക. ഇതില്‍ രണ്ട് പ്രമുഖ വ്യക്തികളെ തിരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്/ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് എന്നിവരടങ്ങിയ സമിതിയായിരിക്കും.