Kerala
കേന്ദ്രത്തിന്റെ ട്രോളിംഗ് നിരോധം: കേരള പരിധിയില്‍ നടപ്പാക്കില്ല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ പുതിയ ട്രോളിംഗ് നിരോധന നിര്‍ദേശം കേരളം അംഗീകരിക്കുന്നില്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. കേരളത്തിന്റെ അധികാരത്തില്‍ വരുന്ന 12 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ ഈ നിര്‍ദേശം നടപ്പാക്കില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറുമായി ഒരു ഏറ്റുമുട്ടലിനില്ലെന്നും മത്സ്യത്തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി വ്യക്തമാക്കി. കേന്ദ്രകൃഷി മന്ത്രാലയം പുറപ്പെടുവിച്ച ഓഫീസ് മെമ്മോറണ്ടം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സമ്മര്‍ദം തുടരും. അതേസമയം, കേന്ദ്രനിര്‍ദേശം ലംഘിച്ച് മത്സ്യബന്ധനം നടത്തുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ മത്സ്യത്തൊഴിലാളി സംഘടനാപ്രതിനിധികള്‍ വ്യക്തമാക്കി.
ജൂണ്‍ ഒന്ന് മുതല്‍ 61 ദിവസത്തേക്ക് എല്ലാവിധ മത്സ്യബന്ധന യാനങ്ങളുടെയും പ്രവര്‍ത്തനം തടഞ്ഞുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 12 നോട്ടിക്കല്‍ മൈല്‍ പരിധി കടന്നാല്‍ തടയുമെന്ന് കോസ്റ്റ്ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. കേരളത്തില്‍ പതിവുള്ള 47 ദിവസത്തെ ട്രോളിംഗ് നിരോധം മാത്രമേ നടപ്പാക്കൂവെന്ന് കെ ബാബു പറഞ്ഞു.
മണ്‍സൂണ്‍ കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന സമാശ്വാസനിധി 1800 രൂപയില്‍ നിന്ന് 2700 രൂപയായി വര്‍ധിപ്പിക്കും. 61 ദിവസം ട്രോളിംഗ് നിരോധം നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കോസ്റ്റ്ഗാര്‍ഡാണ് ഇങ്ങനെയൊരു ഉത്തരവ് വന്ന കാര്യം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചത്. അത് ലഭിച്ചയുടന്‍ ഇക്കാര്യത്തിലുള്ള വിയോജിപ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ ഏപ്രില്‍ 10ലെ പുതിയ നിര്‍ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കണമെന്ന നിര്‍ദേശം ചര്‍ച്ചയില്‍ ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് ദര്‍ബാര്‍ ഹാളിലെ ചര്‍ച്ചക്കു ശേഷം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്ക് അദ്ദേഹം ഉറപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന മണ്ണെണ്ണ സബ്‌സിഡി നിലവിലുള്ള അവസ്ഥ തുടരും. ഈ വിഷയത്തില്‍ പ്രധാന മന്ത്രിക്ക് ഉടന്‍ മുഖ്യമന്ത്രി കത്തയക്കും.
കേരളത്തില്‍ പതിവുള്ള ട്രോളിംഗ് നിരോധം നടപ്പാക്കുന്നതിന്റെ ഭാഗമായി മെയ് 15ന് തീരദേശ ജില്ലകളിലെല്ലാം കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങും.
മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കും സൗജന്യറേഷന്‍ നല്‍കും. അന്യസംസ്ഥാന ബോട്ടുകള്‍ ഈ സമയപരിധിക്കു മുമ്പ് കേരളതീരം വിടണമെന്ന് അയല്‍സംസ്ഥാന ഫിഷറീസ് ഡയറക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കും. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ജില്ലാ പോലീസ് മേധാവികള്‍, കലക്ടര്‍മാര്‍ എന്നിവര്‍ സംയുക്ത യോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ ഫിഷറീസ് സെക്രട്ടറി മാരപാണ്ഡ്യന്‍, ഡയറക്ടര്‍ മിനി ആന്റണി തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.