Gulf
ലോകമെങ്ങും നിരക്കു കുറയുമ്പോള്‍ ഗള്‍ഫ് മലയാളികള്‍ക്ക് അമിത ഭാരം

കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ബലപ്പെടുത്തല്‍ അനിവാര്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്ന സമീപനമാണ് അധികൃതര്‍ കൈക്കൊള്ളുന്നത്. ഒന്നര വര്‍ഷത്തോളം അടച്ചിടുന്നതു തന്നെ ആദ്യത്തെ തെറ്റ്. ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം റണ്‍വേ ബലപ്പെടുത്തല്‍ നടത്തിയിരുന്നു. ഏതാണ്ട് ആറുമാസം കൊണ്ടു പൂര്‍ത്തിയായി. യാത്രക്കാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കാതെ എങ്ങിനെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാമെന്ന് അവര്‍ കാണിച്ചുതന്നു. യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പ്രവൃത്തികള്‍. അല്‍പം അകലെ, ജബല്‍ അലി അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്ക് സൗജന്യ ബസ് സേവനം ഏര്‍പ്പെടുത്തി. ഓരോ മണിക്കൂര്‍ ഇടവേളയിലും ബസുണ്ടായിരുന്നു. പല വിമാനക്കമ്പനികളും മറ്റു വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് മാറ്റാന്‍ പ്രേരിതരായെങ്കിലും യാത്രക്കാര്‍ക്ക് ദുരിതമാകരുതെന്ന് ദുബൈ രാജ്യാന്തര വിമാനത്താവള അധികൃതര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു.
അതൊന്നും, കരിപ്പൂരില്‍ കാണാനില്ല. കോഴിക്കോട്ടു നിന്ന് നെടുമ്പാശേരിയിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്താമായിരുന്നു. അറ്റകുറ്റപ്പണിയുടെ കരാര്‍ നേരത്തെ തീരുമാനമാക്കാമായിരുന്നു. കുറഞ്ഞ സമയം കൊണ്ട് എങ്ങിനെ നവീകരണം നടത്താമെന്ന് കണക്കുകൂട്ടാമായിരുന്നു.
ആറുമാസം കൊണ്ട് പണി പൂര്‍ത്തിയാകുമെന്നായിരുന്നു ആദ്യ അറിയിപ്പ്. ഇപ്പോഴത്, രണ്ടു വര്‍ഷമെന്ന് പറയുന്നു. കേരളത്തില്‍ നീണ്ട മഴക്കാലമുള്ളതും തൊഴിലിന് തടസം സൃഷ്ടിക്കുന്ന ബന്ദ് ഇടക്കിടെ ഉണ്ടാകുന്നതും അധികൃതര്‍ കണക്കിലെടുത്തിട്ടില്ലെന്ന് തോന്നുന്നു.
ഗള്‍ഫില്‍ അടുത്തമാസം അവസാനത്തോടെ വേനലവധിയാണ്. പതിനായിരങ്ങള്‍ കരിപ്പൂരിലേക്ക് ടിക്കറ്റെടുത്തിട്ടുണ്ട്. അവരില്‍ പലരും ആശങ്കയിലാണ്. നെടുമ്പാശേരിയില്‍ ഇറങ്ങേണ്ടിവരുകയാണെങ്കില്‍ വീടണയാന്‍ ദീര്‍ഘനേരം റോഡ് വഴി യാത്ര ചെയ്യണം. ആഴ്ചയില്‍ 52 സര്‍വീസുകളാണ് ഇല്ലാതായത്. സഊദിയില്‍ നിന്നുള്ള വലിയ വിമാനങ്ങള്‍ പലതും ഇതിനകം റദ്ദു ചെയ്തിട്ടുണ്ട്. അവര്‍ എവിടെ ഇറങ്ങണമെന്ന് വ്യക്തതയില്ല. പകരം കുറേ ചെറിയ വിമാനങ്ങള്‍ പറത്താന്‍ സൗകര്യം ഒരുങ്ങിയിട്ടില്ല. ഇത്തിഹാദ് അബുദാബിയില്‍ നിന്ന് സര്‍വീസ് തുടങ്ങിയതാണ് അല്‍പം ആശ്വാസം. ടിക്കറ്റ് നിരക്ക് ദിവസം പ്രതി വര്‍ധിക്കുകയാണ്. രാജ്യാന്തര തലത്തില്‍ ഇന്ധന വില കുത്തനെ കുറഞ്ഞത് കാരണം ലോകത്തെങ്ങും വിമാനനിരക്ക് പകുതിയായി ചുരുങ്ങിയിട്ടുണ്ട്. ഈ ഭാഗ്യം പക്ഷേ, ഗള്‍ഫ്-കേരള മേഖലയിലില്ല.
വേനല്‍ അവധിക്ക് കുടുംബവുമൊന്നിച്ച് നാട്ടില്‍ പോകാന്‍ നില്‍ക്കുന്നവര്‍ കനത്ത തുക ടിക്കറ്റിനു നല്‍കണം. വിമാനടിക്കറ്റ് നിരക്കില്‍ 50 ശതമാനം വര്‍ധനയാണ് ഇപ്പോഴുള്ളത്. വരും ദിവസങ്ങളില്‍ നിരക്ക് വര്‍ധിക്കാനാണു സാധ്യത. റണ്‍വേ അറ്റകുറ്റപണി കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള സര്‍വീസിനെ ബാധിച്ചതിനാല്‍ നെടുമ്പാശേരിയിലേക്കും മംഗലാപുരത്തേക്കും നിരക്ക് വര്‍ധിച്ചു. ചില എയര്‍ലൈനുകളില്‍ സീറ്റും ലഭ്യമല്ല.
“അടുത്ത മാസം 28 മുതല്‍ ഓഗസ്റ്റ് 30 വരെയാണ് മധ്യവേനല്‍ അവധി. മുന്‍കൂര്‍ ബുക്ക് ചെയ്യുകയാണെങ്കില്‍പോലും 50 ശതമാനത്തിലേറെ നിരക്ക് നല്‍കണം. മാസാവസാനത്തോടെ നിരക്ക് ഇരട്ടിയാകുമെന്നാണ് സൂചന. അടുത്ത മാസത്തോടെ വര്‍ധന മൂന്നിരട്ടി വരെയാകും. ചെലവ്കുറഞ്ഞ സര്‍വീസായ എയര്‍ അറേബ്യയില്‍ ഷാര്‍ജയില്‍നിന്ന് കൊച്ചിയിലേക്കുള്ള നിരക്ക് വണ്‍വേയ്ക്ക് 780 ദിര്‍ഹമാണ്. എന്നാല്‍ ജൂലൈ 25ന് 1,580 ദിര്‍ഹവും. എയര്‍ ഇന്ത്യയില്‍ ഇപ്പോള്‍ 730 ദിര്‍ഹമാണെങ്കില്‍ മധ്യവേനലവധിക്കാലത്ത് 1,400 ദിര്‍ഹത്തിലേറെ. എമിറേറ്റ്‌സില്‍ 1,100 ദിര്‍ഹമാണ് നിരക്ക്. ജൂണിലേക്കുള്ള നിരക്ക് 1,500 ദിര്‍ഹത്തിലേറെയാകും. എന്നാല്‍ സ്‌കൂള്‍ അവധി തുടങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പേ തിരക്ക് ആരംഭിക്കുകയാണ്. ജൂണ്‍ 25ന് ദുബൈയില്‍നിന്ന് കൊച്ചിയിലേക്ക് എമിറേറ്റ്‌സിലോ ജെറ്റ് എയര്‍വെയ്‌സിലോ സീറ്റില്ല. സ്‌കൂള്‍ അവധി കഴിഞ്ഞ് ഒരാഴ്ചയോളം നിരക്ക് ഉയര്‍ന്നുതന്നെയാണ്.”” ട്രാവല്‍ ഏജന്‍സി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
തുടരും