Gulf
കരാര്‍ കാലാവധി അവസാനിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് കോടതി

ദുബൈ: സിവില്‍ കേസുകളില്‍ കരാര്‍ കാലാവധി അവസാനിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവില്ലെന്ന് ദുബൈ പരമോന്നത കോടതി വ്യക്തമാക്കി.
ഇരു പാര്‍ട്ടികളും തമ്മിലുള്ള കരാര്‍ കാലാവധി അവസാനിച്ചാല്‍ അതോടെ നഷ്ടപരിഹാരത്തിനും ചില കേസുകളില്‍ പിഴക്കും അര്‍ഹതയുണ്ടാവില്ല. കരാര്‍ അവസാനിക്കുന്നതോടെ ഇരു കക്ഷികള്‍ക്കും ഇടയിലുള്ള കരാറുകളുടെയും കാലാവധി അവസാനിക്കും. പിന്നീട് ഇരുവര്‍ക്കും യാതൊരു കാര്യത്തിലും പ്രതിബദ്ധതയോ ഉത്തരവാദിത്വമോ അവശേഷിക്കില്ലെന്നും സുപ്രധാനമായ വിധിയിലൂടെ കോടതി വ്യക്തമാക്കി. നിക്ഷേപകന് പിഴ ചുമത്തണമെന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
നിക്ഷേപകന്‍ നല്‍കിയ ഇന്‍സ്റ്റാള്‍മെന്റ് തുകയായ 5.62 ലക്ഷം ദിര്‍ഹം നിലനിര്‍ത്തുന്നതിനായും റിയല്‍ എസ്റ്റേറ്റ് കമ്പനി ആവശ്യപ്പെട്ടെങ്കിലും ഇതും കോടതി വിധിക്കൊപ്പം നിരാകരിച്ചു. മദീനത്ത് ജുമൈറയില്‍ അപാര്‍ട്‌മെന്റ് വാങ്ങാന്‍ നിക്ഷേപം നടത്തിയ ആള്‍ക്ക് അപാര്‍ട്‌മെന്റ് നല്‍കുന്നതില്‍ കമ്പനി വരുത്തിയ വീഴ്ചക്കെതിരെയായിരുന്നു നിക്ഷേപകന്‍ കോടതിയെ സമീപിച്ചത്. നല്‍കാനുള്ള തുക ബാക്കി നല്‍കുമ്പോള്‍ അപാര്‍ട്‌മെന്റ് തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു തരാനും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
15.94 ലക്ഷം ദിര്‍ഹത്തിനായിരുന്നു അപാര്‍ട്‌മെന്റ് വാങ്ങിയതെന്നും ഘഡുക്കളായി 5.62 ലക്ഷം ദിര്‍ഹം റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് നല്‍കിയിട്ടും അപാര്‍ട്ട്‌മെന്റ് മറ്റൊരാള്‍ക്ക് ഏകപക്ഷീയമായി നല്‍കിയെന്നുമായിരുന്നു കേസ്. കരാര്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് കമ്പനി അധികൃതര്‍ നിക്ഷേപകനെതിരേയും കോടതിയെ സമീപിച്ചിരുന്നു.