National
രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം പണി പൂര്‍ത്തിയാകുന്നു

ന്യൂഡല്‍ഹി: അസമിനെയും അരുണാചല്‍പ്രദേശിനെയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം ഈ വര്‍ഷം പൂര്‍ത്തിയാക്കാനാകുമെന്ന് ഉയര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. 9.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദോല- സാദിയ പാലത്തിന്റെ നിര്‍മാണം 867 കോടി ചെലവിലാണ് പൂര്‍ത്തിയാകുന്നത്- റോഡ് വിഭാഗം സെക്രട്ടറി വിജയ് ചിബ്ബര്‍ പറഞ്ഞു.
നവംബറോടു കൂടിത്തന്നെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മാണങ്ങളില്‍ കാലതാമസം ഒന്നുമുണ്ടായിട്ടില്ല. നിര്‍മാണ ചെലവില്‍ 592 കോടിയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് വഹിക്കുന്നത്. ആസാമില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ഈ പാലം സംസ്ഥാനത്തെ ബെഷോണി മുഖ്, ലോപാനി, സെസനിഗാവ്, ബലിജന്‍ ചപാരി, പദുംഫുല ഗാവ്, ലക്കിംപുരിയ ഗാവ്, മുഗള്‍പൂര്‍, ഇസ്‌ലാംപൂര്‍, ചപാക്കുവ, ഘോദ്ഗിരി, ശാന്തിപൂര്‍, കുകുര്‍മര തുടങ്ങിയ ഗ്രാമങ്ങളെ ബന്ധിപ്പിക്കും. ആസാമില്‍ നിന്ന് അരുണാചല്‍ പ്രദേശിലേക്കുള്ള യാത്രാസമയത്തില്‍ നാല് മണിക്കൂറിന്റെ കുറവാണ് ഈ പാലം യാഥാര്‍ഥ്യമാകുന്നതോടെ ഉണ്ടാകുന്നത്. അതിനിടെ, വടകകുകിഴക്കന്‍ സംസ്ഥാനങ്ങളുടെ റോഡ് വികസനത്തിനായി കേന്ദ്രം 15000 കോടി രൂപ വരുന്ന ഡിസംബറോട് കൂടി അനുവദിക്കുമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.