ഇന്റര്‍നാഷനല്‍ അറബിക് കോണ്‍ഫറന്‍സ്: അബൂബക്കര്‍ നിസാമിക്ക് ക്ഷണം

Posted on: May 4, 2015 11:53 pm | Last updated: May 4, 2015 at 11:53 pm

dr aboobacker nizamiകാരന്തൂര്‍: ഈ മാസം ആറ് മുതല്‍ പത്ത് വരെ ദുബൈയില്‍ നടക്കുന്ന നാലാമത് അന്താരാഷ്ട്ര അറബിക് സമ്മേളനത്തിലേക്ക് മലയാളിയായ ഡോ. അബൂബക്കര്‍ നിസാമിക്ക് ക്ഷണം. യുനെസ്‌കൊയുമായി സഹകരിച്ച് യു എ ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്ക് ആദ്യമായാണ് ഒരു മലയാളി പ്രബന്ധാവതരണത്തിന് ക്ഷണിക്കപ്പെടുന്നത്.
‘മാറുന്ന ലോകത്തെ അറബി ഭാഷ’ എന്ന വിഷയത്തില്‍ ദുബൈയിലെ ഹോട്ടല്‍ ബുസ്താനില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര അക്കാദമിക സമ്മേളനത്തില്‍ 75 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രബന്ധങ്ങളവതരിപ്പിക്കും. ‘ആധുനിക അറബി ഭാഷാ വികസനത്തില്‍ ഇന്ത്യയുടെ പങ്ക് ‘എന്ന വിഷയത്തിലാണ് ഡോ. നിസാമി പ്രബന്ധമവതരിപ്പിക്കുന്നത്. ഇന്റര്‍നാഷനല്‍ അറബിക് ലാംഗേജ് കൗണ്‍സില്‍, അറബ് ലീഗ്, അറബ് ബ്യുറോ ഓഫ് എജ്യുക്കേഷന്‍ ഫോര്‍ ഗള്‍ഫ് സ്റ്റഡീസ് എന്നീ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് അന്താരാഷ്ട്ര അറബിക് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ കളരാന്തിരി സ്വദേശിയായ ഡോ. അബൂബക്കര്‍ നിസാമി കാരന്തൂര്‍ മര്‍കസിലെ അക്കാദമിക വിഭാഗം ഫെല്ലോ ആണ്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഓഫീസ് സെക്രട്ടറി കൂടിയായ ഇദ്ദേഹം നേരത്തെ വിവിധ ദേശീയ അന്തര്‍ ദേശീയ, സെമിനാറുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചിട്ടുണ്ട്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഡോ. നിസാമി മര്‍കസില്‍ നിന്ന് തിയോളജിയില്‍ പി ജി കരസ്ഥമാക്കിയിട്ടുണ്ട്. ഹൈദരാബാദിലെ ജാമിഅ നിസാമിയ്യയില്‍ നിന്ന് നിസാമി ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബി സാഹിത്യത്തില്‍ എം ഫില്‍, പി എച്ച് ഡി എന്നിവ നേടി. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തിയ ഡോ. നിസാമി അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ന് ദുബൈയിലേക്ക് പുറപ്പെടും.