Kerala
പുതിയ ഡി ജി പി: സെന്‍കുമാറിന് തന്നെ സാധ്യത

തിരുവനന്തപുരം: കെ എസ് ബാലസുബ്രഹ്മണ്യം വിരമിക്കുന്ന ഒഴിവില്‍ ജയില്‍ മേധാവി ടി പി സെന്‍കുമാര്‍ തന്നെ ക്രമസമാധാനപാലന ചുമതലയുള്ള പോലീസ് മേധാവിയാകാന്‍ സാധ്യതയേറി. മഹേഷ്‌കുമാര്‍ സിംഗ്ലയുടെ പേരും ഉയര്‍ന്നുവന്നെങ്കിലും സംസ്ഥാനത്ത് നിലവിലുള്ള മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥരെല്ലാം സെന്‍കുമാറിനെയാണ് പിന്തുണക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സെന്‍കുമാറിനെ ഡി ജി പിയാക്കണമെന്ന നിലപാട് സ്വീകരിച്ചു കഴിഞ്ഞു. ഡെപ്യൂട്ടേഷനില്‍ പോയിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ ഡി ജി പിയാകാന്‍ വേണ്ടി മാത്രം കേരളത്തിലേക്ക് തിരികെ വരുന്നത് ശരിയല്ലെന്നാണ് പോലീസ് ഉന്നതര്‍ക്കിടയിലെ പൊതുവികാരം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരും സെന്‍കുമാറിനെ ഡി ജി പിയാക്കണമെന്ന് ആവശ്യപ്പെട്ടെന്നാണ് വിവരം.
ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് കഴിവും സര്‍വീസ് മികവും കണക്കിലെടുത്ത് മികച്ച ഉദ്യോഗസ്ഥനെ പോലീസ് മേധാവിയാക്കുകയാണ് കീഴ്‌വഴക്കം. സീനിയോറിറ്റി ലിസ്റ്റ് അനുസരിച്ച് മഹേഷ്‌കുമാര്‍ സിംഗ്ലയാണ് മുന്നില്‍. അഞ്ച് വര്‍ഷത്തേക്കാണ് സിംഗ്ല ഡെപ്യൂട്ടേഷനില്‍ പോയത്. നിലവില്‍ ബി എസ് എഫ് അഡീഷനല്‍ ഡയറക്ടറായി രാജസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന് സംസ്ഥാന പോലീസ് മേധാവിയാകാന്‍ കേരളത്തിലേക്ക് മടങ്ങണമെന്ന താത്പര്യവുമുണ്ട്. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് തന്റെ താത്പര്യം അറിയിച്ച സിംഗ്ല, ഇക്കാര്യം ഉന്നയിച്ച് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു.
സാധാരണ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാനത്തിന് ആവശ്യമെങ്കില്‍ സര്‍ക്കാറാണ് കത്ത് കേന്ദ്രത്തിന് നല്‍കുന്നത്. നേരത്തെ രഹസ്യാന്വേഷണ വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചിരുന്ന സെന്‍കുമാറിനെ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതോടെയാണ് ജയില്‍ മേധാവിയാക്കിയത്. വിജിലന്‍സ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. സുപ്രീം കോടതി വിധിയനുസരിച്ച് സീനിയോറിറ്റി പരിഗണിക്കേണ്ടി വരുമ്പോഴും സര്‍വിസ് ചട്ടം അനുസരിച്ച് ഡി ജി പി നിയമനത്തില്‍ സര്‍ക്കാറിന്റെ വിവേചനാധികാരം ഉപയോഗപ്പെടുത്താമെന്നതും സെന്‍കുമാറിന് അനുകൂല ഘടകമാണ്. അതേസമയം, പോലീസ് മേധാവിയെ നിയമിക്കുന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നുവെന്ന പ്രചാരണം കെട്ടുകഥയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.