അഴിമതി വിരുദ്ധ പോരാട്ടത്തിന് കാന്തപുരത്തിന്റെ പിന്തുണ: പി സി ജോര്‍ജ്

Posted on: May 3, 2015 12:59 pm | Last updated: May 3, 2015 at 11:44 pm

pc georgeകോഴിക്കോട്: മുന്‍ചീഫ് വിപ്പ് പി സി ജോര്‍ജ് എം എല്‍ എ അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുമാരി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ എട്ടിന് കാരന്തൂര്‍ മര്‍ക്കസിലെത്തിയാണ് പി സി ജോര്‍ജ് കാന്തപുരത്തെ കണ്ടത്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് കാന്തപുരം ഉറച്ച പിന്തുണ നല്‍കിയിട്ടുണ്ടെന്നും അഴിമതിക്കെതിരായ പോരാട്ടം ശക്തമായി മുന്നാട്ടു കൊണ്ടു പോകണമെന്ന ഉപദേശം നല്‍കിയതായും പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ ഇപ്പോള്‍ നേതൃത്വം നല്‍കുന്ന പിന്നാക്ക മുന്നണിയില്‍ 91 സംഘടനകളാണുളളത്. ഇവരുടെ പിന്തുണ തനിക്കുണ്ട്. ഈ സംഘടനകളില്‍ രാഷ്ട്രീയ സംഘടനകളില്ല. ഇതില്‍ യു ഡി എഫ് വിരുദ്ധരും എല്‍ ഡി എഫ് വിരുദ്ധരും ഉണ്ട്. തങ്ങളുടെ നേതൃത്വത്തിന്റെ ടെസ്റ്റ് ഡോസ് അരുവിക്കര ഉപതിതിരഞ്ഞെടുപ്പിലുണ്ടാകും. പാര്‍ശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തെ ഒരുമിച്ച് കൊണ്ടുവരണമെന്നാണ് കരുതുന്നതെന്നും പി സി പറഞ്ഞു. പട്ടികജാതി, ആദിവാസി, നാടാര്‍, മത്സ്യത്തൊഴിലാളികള്‍, ആശാരി, തട്ടാന്‍ എന്നിവരെ ഒരുമിച്ച് കൊണ്ട് വന്ന് വലിയ മുന്നേറ്റമുണ്ടാക്കും. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെളളാപ്പളളിയുമായി വിശദമായ ചര്‍ച്ച നടത്തിയിരുന്നു. വരും ദിവസങ്ങളിലും പലരുമായും ചര്‍ച്ച തുടരുമെന്ന് പി സി പറഞ്ഞു.